ബ്രസീലിയ
‘ഒരുതരം അവിശ്വസനീയതയാണ് നെയ്മറുടെ കളിയിൽ’–- കോപയിൽ വെനസ്വേലയുമായുള്ള കളിക്കുശേഷം ബ്രസീൽ പരിശീലകൻ ടിറ്റെ ഉള്ളുതുറന്നു. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അപാരമായ കഴിവ്. ഇടംകാൽകൊണ്ടും വലംകാൽകൊണ്ടും ഒരുപോലെ മെനയുന്നവൻ. എന്താണ് അടുത്ത നീക്കമെന്ന് ഒരുപിടിയും നൽകാത്ത രീതിയിൽ നെയ്മറുടെ കളി മാറി–- ടിറ്റെ പറയുന്നു. ബ്രസീൽ മൂന്ന് ഗോളിന് ജയിച്ച കളിയിൽ നെയ്മറായിരുന്നു താരം. ഒരു ഗോളടിച്ചു. മറ്റൊന്നിന് അവസരമൊരുക്കി.
കോവിഡിൽ വലഞ്ഞെത്തിയ വെനസ്വേല ബ്രസീലിന്റെ താരസമ്പന്നതയ്ക്കുമുന്നിൽ ഒന്നുമായിരുന്നില്ല. കോവിഡ് കാരണം ഒരുവർഷം നീട്ടിവയ്ക്കുകയും വേദികൾ മാറുകയും ചെയ്ത കോപയ്ക്ക് ബ്രസീലിയയിൽ പതിഞ്ഞ തുടക്കമായിരുന്നു. നെയ്മറാണ് അതിന് മുറുക്കവും ആവേശവും പകർന്നത്. കളിയിൽ ആറ് അവസരങ്ങളാണ് നെയ്മർ ഒരുക്കിയത്. പെനൽറ്റിയിലൂടെ ഒരെണ്ണം ലക്ഷ്യത്തിലേക്ക് മാറ്റിയപ്പോൾ ഗബ്രിയേൽ ബാർബോസയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഗോളെണ്ണം കൂട്ടാനുള്ള അവസരങ്ങൾ കിട്ടിയത് ഈ പിഎസ്ജിക്കാരൻ പാഴാക്കിയതും മത്സരത്തിലെ കാഴ്ചയായി. നെയ്മർ നൽകിയ നല്ല അവസരങ്ങൾ സഹതാരങ്ങളും തുലച്ചു. മറിച്ചായിരുന്നെങ്കിൽ ബ്രസീലിന് വൻജയം ആഘോഷിക്കാമായിരുന്നു. ആദ്യഘട്ടത്തിൽ സൂപ്പർ താരത്തിനും പിഴവുകൾ പറ്റി.
ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ അവസരമൊരുക്കിയതിൽ പെലെയുടെ നേട്ടത്തിനൊപ്പമെത്തി. 47 ഗോളിനാണ് അവസരമൊരുക്കിയത്. ഗോളെണ്ണത്തിൽ ഇനി പത്തെണ്ണം മതി പെലെയ്ക്കൊപ്പമെത്താൻ. പെലെയ്ക്ക് 77 ഗോൾ, നെയ്മർക്ക് 67ഉം. 106 കളിയിൽനിന്നാണ് ഈ നേട്ടം. അവസാനം കളിച്ച അഞ്ചു കളിയിൽ ആറ് ഗോളാണ് ഈ ഇരുപത്തൊമ്പതുകാരൻ അടിച്ചുകൂട്ടിയത്. അഞ്ച് ഗോളിന് അവസരവുമൊരുക്കി.