വില്ലിങ്ടൺ
1970ലെ കുപ്രസിദ്ധ ‘ഡോണ് റെയ്ഡ്’ അതിക്രമത്തിന് പസഫിക് ജനതയോട് മാപ്പ് ചോദിച്ച് ന്യൂസിലന്ഡ് സര്ക്കാര്. മന്ത്രിസഭയിലെ പസഫിക് ജനതയുടെ പ്രതിനിധിയായ ഓപ്പിറ്റോ വില്യം സിയോയോടൊപ്പം മാധ്യമങ്ങള്ക്കു മുന്നിലെത്തിയാണ് പ്രധാനമന്ത്രി ജസിന്ഡ ആര്ഡേന് ചരിത്രത്തിലെ പിഴവിന് ക്ഷമ ചോദിച്ചത്. 26ന് ഓക്ലൻഡിൽ നടക്കുന്ന പരിപാടിയിൽ സര്ക്കാര് ഔദ്യോഗിക ക്ഷമാപണം നടത്തും.
1970 കളുടെ മധ്യത്തിൽ ശാന്തസമുദ്ര ദ്വീപ് ജനതയെ നാടുകടത്താൻ ലക്ഷ്യമിട്ട് അധികാരികള് വീടുകളിലും മറ്റും കയറി മനുഷ്യത്വരഹിതമായ റെയ്ഡ് നടത്തിയിരുന്നു. പാതിരാത്രിയിലും വെളുപ്പിനെയും മറ്റുമായിരുന്നതിനാൽ ‘ഡോണ് റെയ്ഡ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ന്യൂസിലന്ഡിലെ കമ്പനികളില് ജോലിക്ക് വിളിച്ചു വരുത്തിയ ദ്വീപ് നിവാസികളുടെ സേവനം മതിയായ ഘട്ടത്തിലാണ് വിസ കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നു എന്നാരോപിച്ച് ഇവരെ നാടുകടത്താന് ശ്രമിച്ചത്.
ജസിന്ഡ ആര്ഡേനിന്റെ ലേബർ സര്ക്കാര് അധികാരത്തിലെത്തിയ ശേഷം മൂന്നാം തവണയാണ് ഇത്തരം ക്ഷമാപണം നടത്തുന്നത്. 1880 കളിൽ ചൈനീസ് കുടിയേറ്റക്കാർക്ക് പ്രവേശനനികുതി ഏർപ്പെടുത്തിയതിനും 1918 ൽ മാരകമായ ഇൻഫ്ലുവൻസ മഹാമാരി സമോവയിൽ പടര്ത്തിയതിനുമാണ് മുമ്പ് ക്ഷമാപണം നടത്തിയത്.