ബ്രസൽസ്
നാറ്റോ ചൈനയെ റഷ്യയുടെയത്ര വലിയ പ്രതിയോഗിയായി കാണുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 അംഗരാജ്യങ്ങളിൽ ആരും ചൈനയുമായി മറ്റൊരു ശീതയുദ്ധം ആഗ്രഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും ജോൺസൺ പറഞ്ഞു.
ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് നാറ്റോ പ്രസ്താവന ഇറക്കുമെന്നാണ് സൂചന. ബ്രിട്ടനിലെ കോൺവാളിൽ നടന്ന ജി 7 ഉച്ചകോടി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർബന്ധപ്രകാരം ഇത്തരമൊരു പ്രസ്താവന ഇറക്കിയിരുന്നു. മുൻഗാമിയായ ഡോണൾഡ് ട്രംപ് തുടർച്ചയായി അപമാനിച്ച സഖ്യരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തി ചൈനയെയും റഷ്യയെയും പ്രതിരോധിക്കാൻ ഒന്നിച്ച് അണിനിരത്തുക എന്ന അജൻഡയുമായാണ് ബൈഡൻ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇറാൻ ആണവ കരാർ, അഫ്ഗാനിൽനിന്നുള്ള സൈനിക പിന്മാറ്റം, സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഏകീകൃത നയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഉപഗ്രഹങ്ങൾക്ക് നേരെ ഉൾപ്പെടെയുള്ള ബഹിരാകാശ ആക്രമണങ്ങളും പ്രതിരോധ പരിധിയിൽ കൊണ്ടുവരുന്നതും പരിഗണിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.