ന്യൂഡൽഹി: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ മൂന്നംഗം സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകൾ തള്ളി പാർട്ടിയുടെ കേന്ദ്ര നേതൃത്വം. സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാൻ ഇ ശ്രീധരൻ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പാർട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് തള്ളിയത്. ആരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് തോൽവി അടക്കമുള്ളവയെപ്പറ്റി പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇതിൽ രണ്ടുപേർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. റിപ്പോർട്ട് നൽകി എന്ന തരത്തിലുള്ള സ്ഥിരീകരണവും വന്നിരുന്നു. എന്നാൽ ആരോടും റിപ്പോർട്ട് ചോദിച്ചില്ല എന്നാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
ചില വ്യക്തികൾ അത്തരത്തിൽ അവകാശവാദംഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകളും വന്നിരുന്നു. എന്നാൽ, പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും പാർട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാൽ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാൻ തയ്യാറാകണമെന്നാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ചൂട്ടിക്കാട്ടിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനെ കണ്ടതിന് പിന്നാലെ അരുൺ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.എൽ സന്തോഷ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകൾ സംസ്ഥാന ബിജെപിയിൽ വിഭാഗീയ വിഷയംകൂടി ആയി മാറിയിരുന്നു. ഒരു വിഭാഗം ഇതിന്റെ വെളിച്ചത്തിൽ കെ സുരേന്ദ്രനെതിരായ നീക്കങ്ങളും ശക്തിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് സുരേന്ദ്രൻ ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര നേതൃത്വത്തിൽനിന്ന് നിഷേധ പ്രസ്താവന പുറപ്പെടുവിച്ചത്. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ സുരേന്ദ്രന് ഉണ്ടെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നത്.
Content Highlights:BJPs defeat in assembly polls, National leadership