കൊച്ചി: ലോക്ഡൗൺ തുടർന്നാൽ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നും കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരുന്നതിനോടൊപ്പം കൂടുതൽ ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മേയ് എട്ട് മുതൽ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ ഇന്ന് 38 ദിവസമാകുകയാണ്. ലോക് ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവർ, ദിവസവേതനക്കാർ, കർഷകർ, വ്യാപാരികൾ, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ, വീട്ടുജോലിക്കാർ, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്നു തുടങ്ങി നാനതുറയിൽപ്പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു.
ലോക്ഡൗൺ തുടർന്നാൽ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരുന്നതിനോടൊപ്പം കൂടുതൽ ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സതീശൻകത്തിൽ ആവശ്യപ്പെട്ടു.
Content Highlights: Opposition leader VD Satheesan wants lockdown concessions