ആലത്തൂർ പോലീസ് സ്റ്റേഷനു സമീപം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എംഎ നാസർ, ഗ്രാമപഞ്ചായത്ത് അംഗം നജീബ് എന്നിവർക്കെതിരെയാണ് രമ്യ പരാതി നൽകിയത്. സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നാസറും നജീബും നൽകിയ പരാതിയിൽ രമ്യയ്ക്കൊപ്പം ഉണ്ടായിരുന്ന കെപിസിസി അംഗം പാളയം പ്രദീപിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് രമ്യ പറയുന്നത്. എന്നാൽ സിപിഎമ്മും ശുചീകരണ തൊഴിലാളികളും ഇക്കാര്യം നിഷേധിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു. “രമ്യാ ഹരിദാസ് എംപിയെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികൾ യു ഡി എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.