കൊച്ചി> ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ഇടപാടുകാർക്ക്, സർവീസ് ചാർജ് മുഖാന്തിരവും പലിശ വർദ്ധനയിലൂടെയും അമിതഭാരം അടിച്ചേൽപ്പിക്കുന്ന നടപടികളിൽനിന്ന് ബാങ്കുകൾ പിന്മാറണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ എടുത്ത വായ്പകൾ തിരിച്ചടക്കാനാവാതെ ഇടപാടുകാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മറ്റു പോംവഴികൾ ഇല്ലാത്ത സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്പാ പുനഃക്രമീകരണം നടത്താനുള്ള സൗകര്യം അനുവദിച്ചത്. . ബാങ്കുകൾക്കും ഇടപാടുക്കാർക്കും വായ്പകൾ കിട്ടാക്കടം ആവാതിരിക്കാനും, അത് വഴി വായ്പകൾക്ക് മൂല്യശോഷണം ഉണ്ടാവാതിരിക്കാനും, തുടർന്ന് ഉണ്ടാവാൻ സാധ്യതയുള്ള നിയമനടപടികളിൽ നിന്ന് ഇടപാടുകാർക്ക് ഒരു പരിധി വരെ സംരക്ഷണം നൽകാനുമാണ് റസൊല്യൂഷൻ ഫ്രയിം വർക്ക് എന്ന പേരിൽ ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്.
എന്നാൽ പല ബാങ്ക് മാനേജ്മെന്റുകളും ഇതിന്റെ പേരിൽ ഇടപാടുകാരെ പിഴിയുകയാണ്. തീർത്തും സൗജന്യമായി നൽകാൻ കഴിയുന്ന ഈ സേവനത്തിന് 1000 രൂപ മുതൽ 10,000 രൂപ വരെ സർവീസ് ചാർജ് ഈടാക്കി അവസരം മുതലാക്കുകയാണ്. സർവീസ് ചാർജിനു പകരം പലിശയിൽ വർദ്ധനവ് വരുത്തി ഇടപാടുകാർക്ക് പ്രത്യക്ഷത്തിൽ മനസ്സിലാകാത്ത വിധം പതിനായിരക്കണക്കിന് രൂപ ബാധ്യത വരുന്ന നിലയിലാണ് ചില ബാങ്ക് മാനേജ്മെന്റുകൾ ഇതിനെ മുതലെടുക്കുന്നത്.
ഒരുവിധത്തിലും ഈ ഷൈലോക്കിയൻ നയം നടപ്പിലാക്കാൻ പാടില്ല. വറുതിയുടെ കാലത്ത് തീർത്തും സൗജന്യമായി ഈ സേവനം ഇടപാടുകാരിൽ എത്തിക്കാൻ ബാങ്കുകൾ തയ്യാറാകണം. ദുരിതത്തിന്റെ സമയത്ത് ഇടപാടുകാർക്ക് കൈത്താങ്ങാവുക എന്നതാണ് ബാങ്കുകൾ ഏറ്റെടുക്കേണ്ടതായ സാമൂഹിക ഉത്തരവാദിത്വമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ് എസ് അനിലും പറഞ്ഞു.