തിരുവനന്തപുരം> മെഡിക്കല് കോളേജ് ആശുപത്രിയില് കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും കൂടുതലായി എത്തിത്തുടങ്ങി. മരുന്നുകളും ചികിത്സയ്ക്ക് ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികള്ക്കും കുറവ് അനുഭവപ്പെടാതിരിക്കാന് ആരോഗ്യമന്ത്രി വീണ ജോര്ജ് ഇടപെട്ടു.ആശുപത്രിയിൽ കോവിഡ് ഇതര ചികിത്സ മുടങ്ങിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും സൂപ്രണ്ട് അറിയിച്ചു.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്ധന കണക്കിലെടുത്ത് ഗ്ലൗസ് ഉള്പ്പെടെയുള്ള അവശ്യസാധനങ്ങള് വാങ്ങാന് മന്ത്രി കേരള മെഡിക്കല് സര്വീസ് കോര്പറേഷന് നിര്ദേശം നല്കി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 30,000 ഗ്ലൗസ് ആശുപത്രിയിലെത്തിച്ചു.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ആവശ്യമായ ആംഫോ ടെറിസിന് 400 വയലും എത്തിയിട്ടുണ്ട്. തുടര്ന്നുള്ള ദിവസങ്ങളിലും മരുന്നുകളും മറ്റ് സാമഗ്രികളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള നടപടി മെഡിക്കല് സര്വീസ് കോര്പറേഷനും സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് ഇതര ചികിത്സ മുടങ്ങിയിട്ടില്ല
മെഡിക്കല് കോളേജ് ആശുപത്രിയില് കോവിഡ് ഇതര ചികിത്സകള് മുടങ്ങിയെന്ന വാര്ത്ത അടിസ്ഥാനരഹിതം. നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള് ഒഴികെ മറ്റെല്ലാതരം ചികിത്സകളും നടക്കുന്നുണ്ട്. ആന്ജിയോഗ്രാം, ആന്ജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദയസംബന്ധമായ ചികിത്സകള്ക്കും ക്യാന്സര്, പക്ഷാഘാതം, അസ്ഥിരോഗം തുടങ്ങിയ ചികിത്സകളും മുടങ്ങിയിട്ടില്ല.
അത്യാഹിതവിഭാഗവും 24 മണിക്കൂറും പ്രവര്ത്തിക്കുന്നു. ഒപികൾ കോവിഡ് സാഹചര്യമായതിനാല് നിയന്ത്രിതമായി പ്രവര്ത്തിക്കുന്നുണ്ട്. ഒപിയിലെത്താന് കഴിയാത്തവര് ഓണ്ലൈന് ചികിത്സാ സംവിധാനമായ ഇ സഞ്ജീവനിയെയും ആശ്രയിക്കുന്നുണ്ടെന്ന് സൂപ്രണ്ട് എം എസ് ഷര്മ്മദ് അറിയിച്ചു.