ബംഗളൂരു
ബ്രാഹ്മണ്യവാദത്തെ വിമർശിച്ച് സമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത കന്നഡ നടനും സാമൂഹ്യപ്രവർത്തകനുമായ ചേതൻകുമാറിനെതിരെ കർണാടക സർക്കാർ രണ്ടു കേസെടുത്തു. ബ്രാഹ്മിൺ ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി, വിപ്ര യുവ വേദിക പ്രസിഡന്റ് എന്നിവരുടെ പരാതിയിൽ ബസവനഗുഡി, ഉൾസൂർ ഗേറ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. മതവിശ്വാസം വ്രണപ്പെടുത്തൽ, രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമാകുന്ന പ്രസ്താവന നടത്തൽ എന്നിവ ആരോപിച്ചാണ് കേസ്. ചേതൻകുമാറിനെതിരെ ബിജെപി മന്ത്രി ശിവറാം നടപടി ആവശ്യപ്പെട്ടു. അമേരിക്കൻ പൗരനായ ചേതൻകുമാറിനെ അവിടേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ട് വിഎച്ച്പി നേതാവ് ഫോറിനേഴ്സ് റീജ്യണൽ രജിസ്ട്രേഷൻ ഓഫീസിന് പരാതി നൽകി.
ബ്രാഹ്മണ്യവാദമാണ് ഇന്ത്യയിലെ ജാതി അസമത്വങ്ങളുടെ മൂലകാരണമെന്ന് വിമർശിച്ച് ചേതൻകുമാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്കെതിരായ ബ്രാഹ്മണ്യവാദത്തെ വേരോടെ പിഴുതെറിയണമെന്ന അംബേദ്കറിന്റെയും ബ്രാഹ്മണർമാത്രം ഉന്നതരും മറ്റുള്ളവർ താണവരും തൊട്ടുകൂടാത്തവരുമെന്ന വാദം അസംബന്ധവും തട്ടിപ്പുമാണെന്ന പെരിയോറിന്റെ ഉദ്ധരണികളും ചേതൻ ട്വീറ്റ് ചെയ്തിരുന്നു. ബ്രാഹ്മണ്യവാദത്തെയും എല്ലാ അസമത്വങ്ങളെയും എതിർക്കുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് മറ്റൊരു ട്വീറ്റിൽ ചേതൻ പറഞ്ഞു. താൻ ബ്രാഹ്മണർക്കെതിരല്ലെന്നും ബ്രാഹ്മണ്യവാദത്തെയാണ് വിമർശിച്ചതെന്നും ചേതൻ വ്യക്തമാക്കിയിട്ടുണ്ട്. ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹകേസെടുത്ത ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയെ വിമർശിച്ചും ചേതൻ രംഗത്തെത്തിയിരുന്നു.