തൃശൂർ
സാമൂഹിക പുരോഗതി ലക്ഷ്യംവച്ചുള്ള വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ വളത്തിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അത് കുട്ടികളിൽനിന്നാണ് ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റ്ഫോർഡ് സംഘടിപ്പിച്ച ഇ എം എസ് സ്മൃതി വെബിനാറിൽ ‘പൊതു വിദ്യാഭ്യാസവും വിജ്ഞാന സമ്പദ് വ്യവസ്ഥയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ബേബി. ഉന്നത വിദ്യാഭ്യാസ മേഖല മാത്രമല്ല വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ഇടം. അങ്കണവാടിമുതൽ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറ ഇടണം. അത് ചെറിയ കുട്ടികളിൽനിന്നുതന്നെ ആരംഭിക്കണം. പൊതുസങ്കൽപ്പത്തിൽനിന്ന് മാറി ജനപക്ഷവും സമത്വ പൂർണമായ വിജ്ഞാന സമ്പദ് വ്യവസ്ഥ ആണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് വക്കുന്നത്.
ലോകത്തിന് മാതൃകയാകുംവിധം എല്ലാ വീട്ടിലും സൗജന്യമായി ഇന്റർനെറ്റ് സംവിധാനം സാധ്യമാക്കാനുള്ള കെ ഫോൺ പദ്ധതി ഇവയ്ക്ക് ഒരു ഉദാഹരണമാണ്.
മോഡി സർക്കാർ വിദ്യാഭ്യാസ മേഖലയിലും പഠന ഗവേഷണ മേഖലയിലുമെല്ലാം നേരിട്ട് ഇടപെടുകയാണ്. ആർഎസ്എസിന്റെ അജൻഡ നടപ്പാക്കാൻ വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. ഘട്ടം ഘട്ടമായി ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ വിദ്യാഭ്യാസ, ഗവേഷണ മേഖലയും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാർഗരേഖ അടിസ്ഥാനപ്പെടുത്തി മാത്രമേ വിദ്യാർഥികൾക്ക് ഗവേഷണം സാധ്യമാവുകയുള്ളൂ. വിദ്യാർഥികളുടെ പഠന സ്വാതന്ത്ര്യം പോലും കേന്ദ്ര സർക്കാരിന്റെ കൈയിലാണ്. വിദ്യാഭ്യാസ മേഖലയിൽ നീചമായ ഇടപെടലാണ് മോഡി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.