പാരീസ്
കളിമൺ കോർട്ടിൽ നൊവാക് ജോക്കോവിച്ച് ചിരിച്ചു. ഫ്രഞ്ച് ഓപ്പൺ ടെന്നീൽ പുരുഷ സിംഗിൾസ് കിരീടം ചൂടി സെർബിയക്കാരൻ ചരിത്രമെഴുതി. പത്തൊമ്പതാം ഗ്രാന്റ്സ്ലാം നേട്ടം. അരനൂറ്റാണ്ടിനിടെ എല്ലാ ഗ്രാന്റ്സ്ലാം കിരീടങ്ങളും ഒന്നിൽ കൂടുതൽ തവണ സ്വന്തമാക്കിയ ആദ്യ കളിക്കാരൻ. ചരിത്രത്തിലെ മൂന്നാമൻ.
ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷമാണ് ലോക ഒന്നാം റാങ്കുകാരന്റെ തിരിച്ചുവരവ്. 2016ലും ജേതാവായിരുന്നു. നാല് മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ട കലാശപ്പോരിൽ 6–-7, 2–-6, 6–-3, 6–-2, 6–-4നാണ് വിജയം. സിറ്റ്സിപാസിന് ആദ്യ രണ്ട് സെറ്റുകളിലെ ഊർജം തുടരാനായില്ല. കരുത്തുറ്റ ഷോട്ടുകളും റിട്ടേണുകളുമായി ജോക്കോവിച്ച് കളം നിറഞ്ഞു. ആദ്യ സെറ്റ് 72 മിനിറ്റിൽ ടൈബ്രേക്കിൽ സ്വന്തമാക്കിയ സിറ്റ്സിപാസ് രണ്ടാം സെറ്റ് 35 മിനിറ്റിൽ അനായാസം നേടി. എന്നാൽ മൂന്നും നാലും സെറ്റിൽ ഇരുപത്തിരണ്ടുകാരൻ തളർന്നു. നിർണായകമായ അവസാന സെറ്റിൽ അനുഭവസമ്പത്ത് കരുത്താക്കി ജോക്കോ കളി പിടിച്ചു.