റിയോ ഡീ ജനീറോ
ലോക ഫുട്ബോളിലെ കിരീടവരൾച്ചയ്ക്ക് അറുതിയിടാൻ അർജന്റീന. കോപ അമേരിക്കയിലെ ആദ്യ കളിയിൽ ചിലിയാണ് എതിരാളി. 2015ലും 2016ലും ഫൈനലിൽ അർജന്റീനയെ കീഴടക്കിയ സംഘമാണ് ക്ലോഡിയോ ബ്രാവോ നയിക്കുന്ന ചിലി. 28 വർഷമായി അർജന്റീന ഒരു കിരീടത്തിൽ തൊട്ടിട്ട്. അവസാനമായി 1994ലെ കോപയാണ് നാട്ടിലെത്തിച്ചത്. പിന്നീട് തിരിച്ചടികളായിരുന്നു. ലോകകപ്പും കോപയും ഉൾപ്പെടെ അഞ്ചോളം കലാശപ്പോരുകളിൽ കാലിടറി.
ഇത്തവണയും ലയണൽ മെസിയുടെ മാന്ത്രിക കാലുകളിൽ വിശ്വസിച്ചാണ് അർജന്റീന എത്തുന്നത്. റിയോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ചിലി–-അർജന്റീന പോരാട്ടം.
പതിമൂന്ന് കളികളിൽ തോൽവിയറിയാതെയാണ് മെസിയും കൂട്ടരും എത്തുന്നത്. അവസാനമായി തോൽവി അറിഞ്ഞത് കഴിഞ്ഞ കോപ സെമിയിൽ ബ്രസീലിനോട്. പിന്നീടുള്ള ഏഴ് കളി ജയിച്ചു. ആറെണ്ണം സമനിലയായി. മെസിയെ കൂടാതെ ഏഞ്ചൽ ഡി മരിയ, സെർജിയോ അഗ്വേറോ എന്നീ പരിചയസമ്പന്നരും അണിനിരക്കുന്നു. ഇന്റർ മിലാന്റെ ഗോൾമെഷീൻ ലൗതാരോ മാർടിനെസും കരുത്താണ്.
ചിലിക്കായി സൂപ്പർതാരം അലെക്സിസ് സാഞ്ചെസ് കളിക്കില്ല. ഈ മുന്നേറ്റക്കാരൻ പരിക്കുകാരണം ആദ്യ കളികളിൽ പുറത്തിരിക്കും. അർട്യൂറോ വിദാൽ ആക്രമണചുമതല നിർവഹിക്കും. ഗോൾവലയ്ക്ക് താഴെ ബ്രാവോയുമുണ്ടാകും. രണ്ടാം മത്സരത്തിൽ പരാഗ്വേ ബൊളീവിയയെ നേരിടും.