വെംബ്ലി
യൂറോ കപ്പ് ഫുട്ബോളിൽ വിജയമധുരം നുണഞ്ഞ് ഇംഗ്ലണ്ട് തുടങ്ങി. യൂറോയുടെ ചരിത്രത്തിൽ ആദ്യ കളിയിൽ വിജയം ഇംഗ്ലീഷ് പടയ്ക്ക് അന്യമായിരുന്നു. ഇത്തവണ വെംബ്ലിയിൽ സ്വന്തം കാണികളെ സാക്ഷിയാക്കി ഗാരത് സൗത്ഗേറ്റിന്റെ കുട്ടികൾ ചരിത്രം തിരുത്തി. റഹീം സ്റ്റെർലിങ്ങിന്റെ സുന്ദരഗോളിൽ ക്രൊയേഷ്യയെ വീഴ്ത്തി (1–-0).
മധ്യനിരക്കാരൻ കാൽവിൻ ഫിലിപ്സിന്റെ കാലുകളിൽനിന്നായിരുന്നു ഇംഗ്ലണ്ടിന്റെ നീക്കങ്ങൾ പിറന്നത്. ഈ ഇരുപത്തഞ്ചുകാരനാണ് വിജയഗോളിന് വഴിനൽകിയതും. കൗമാരക്കാരൻ ജൂഡ് ബെല്ലിങ്ഹാം പകരക്കാരനായി കളത്തിലെത്തി. 17 വർഷവും 349 ദിവസവും പ്രായമുള്ള ബെല്ലിങ്ഹാം യൂറോ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.
കഴിഞ്ഞ ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയോട് വീണതിന്റെ പ്രതികാരവുമായി ഇംഗ്ലണ്ടിന്. മാർകസ് റഷ്ഫഡ്, ജാക്ക് ഗ്രീലിഷ്, ജോർദാൻ ഹെൻഡേഴ്സൺ, ലൂക്ക് ഷാ എന്നിവരെ സൗത്ഗേറ്റ് പരിഗണിച്ചില്ല. ബെൻ ചിൽവെല്ലും ജെയ്ഡെൻ സാഞ്ചോയും ബെഞ്ചിൽപ്പോലും ഉണ്ടായില്ല. 1992നുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ടീമുകളുടെ പ്രതിനിധികളില്ലാതെ ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണമെന്റിന് ഇറങ്ങി.
സ്റ്റെർലിങ്, ഫിലിപ്സ്, ടൈറോൺ മിങ്സ് എന്നിവരെയായിരുന്നു പരിശീലകൻ സൗത്ഗേറ്റ് നിയോഗിച്ചത്. കളത്തിലെ കഠിനാധ്വാനത്തോടെ മൂവരും പരിശീലകന്റെ വിശ്വാസം കാത്തു. ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളോടെയാണ് കളി തുടങ്ങിയത്. ഫിൽ ഫോദെനും ഫിലിപ്സും തൊടുത്ത പന്തുകൾ പോസ്റ്റിൽ തട്ടി മടങ്ങി. ക്രൊയേഷ്യക്കാർക്ക് മധ്യനിരയിൽ പിടിയുണ്ടായില്ല. ലൂക്കാ മോഡ്രിച്ചിനും കൂട്ടർക്കും പലപ്പോഴും ഒരുമ നഷ്ടമായി.
ഇടവേള കഴിഞ്ഞെത്തിയതിനുപിന്നാലെ സ്റ്റെർലിങ് കാത്തിരുന്ന നിമിഷം സമ്മാനിച്ചു. കൈൽ വാൾക്കർ പിന്നിൽനിന്ന് നീട്ടിയ പന്ത് ഫിലിപ്സിലേക്ക്. ഈ ലീഡ്സ് താരം ക്രൊയേഷ്യയുടെ പ്രതിരോധക്കാരെ വകഞ്ഞുമാറ്റി കുതിച്ചു. അസ്സൽ പാസ്. സ്റ്റെർലിങ് വളരെവേഗം പ്രവർത്തിച്ചു. ഇംഗ്ലണ്ട് ആഘോഷിച്ചു. 18ന് സ്കോട്ലൻഡുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത കളി.