ന്യൂഡൽഹി
അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖം മിനുക്കാൻ ഒരുങ്ങി മോഡിസര്ക്കാര്. പ്രധാനമന്ത്രിയുടെ വസതിയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. അഞ്ച് മണിക്കൂർ നീണ്ട യോഗത്തില്‍ പെട്രോളിയം, ഉരുക്ക്, ജലശക്തി, പരിസ്ഥിതി, വ്യോമയാനം, ഘനവ്യവസായം, നൈപുണ്യവികസന മന്ത്രാലയങ്ങളുടെ പ്രകടനം ചർച്ചയായി. അമിത്ഷായും മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും പങ്കെടുത്തു.
അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോണോവാൾ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽമോഡി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ജോതിരാദിത്യ സിന്ധ്യ എംപി, ആദ്യമോഡി മന്ത്രിസഭയിൽ അംഗമായിരുന്ന അപ്നാദൾ നേതാവ് അനുപ്രിയ പട്ടേൽ തുടങ്ങിയവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. ജെഡിയുവിന്റെ ആവശ്യവും പരിഗണിച്ചേക്കും.
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിലടക്കം പരാജയപ്പെട്ട കേന്ദ്രസർക്കാരിന് എതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് പുനഃസംഘടനാ നീക്കം വേഗത്തിലായത്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ അടുത്തവർഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാൽ പുനഃസംഘടന വൈകരുതെന്നാണ് ബിജെപി നിലപാട്.