ന്യൂഡൽഹി
ജമ്മു- കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കൽ, നിയമസഭാ തെരഞ്ഞെടുപ്പ് നടത്തൽ എന്നീ വിഷയങ്ങളില് ഗുപ്കാർ സഖ്യകക്ഷികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിയേക്കും. പ്രത്യേക പദവി എടുത്തുകളഞ്ഞ് 22 മാസത്തിനുശേഷവും കശ്മീരില് അശാന്തി തുടരവെയാണ് കേന്ദ്രം സമവായ ചർച്ചയ്ക്ക് ഒരുങ്ങുന്നത്. അമേരിക്ക അടക്കം വിദേശരാജ്യങ്ങളുടെ സമ്മർദവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
മണ്ഡല പുനർനിർണയ ചർച്ചയിൽ പങ്കെടുക്കാൻ ഗുപ്കാർ സഖ്യത്തിന്റെ ഭാഗമായ നാഷണൽ കോൺഫറൻസിനെ അധികൃതർ ക്ഷണിച്ചിരുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യാന് ഗുപ്കാർ സഖ്യകക്ഷികൾ കഴിഞ്ഞ ദിവസം പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ വസതിയിൽ യോഗം ചേർന്നു. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു യോഗം. ഗുപ്കാർ സഖ്യത്തിന്റെ വക്താവായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമിയെ തെരഞ്ഞെടുത്തു.
ചർച്ചപുനരാരംഭിക്കേണ്ടതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് തരിഗാമി പറഞ്ഞു. ഗുപ്കാർ സഖ്യം ചർച്ചകൾക്ക് തടസ്സം നിന്നിട്ടില്ല. 2019 ആഗസ്ത് നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. എന്നാൽ, തങ്ങളെ വീട്ടുതടങ്കലിലാക്കി. 22 മാസമായി കേന്ദ്രമാണ് ചർച്ചയ്ക്ക് തടസ്സം നിൽക്കുന്നത്. സംഭാഷണത്തിനുള്ള വിശ്വസനീയ അജൻഡയുമായി കേന്ദ്രം മുന്നോട്ടുവരണം. അവർക്ക് സംസ്ഥാനപദവി ഏകപക്ഷീയമായി പ്രഖ്യാപിക്കാം. അതിൽ തെറ്റില്ല. എന്നാല്, പ്രധാനമന്ത്രി പിടിവാശി തുടരുകയാണ്–- തരിഗാമി പറഞ്ഞു. ഡിസംബറിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യം നൂറിലേറെ സീറ്റ് നേടി. ബിജെപി 75ഉം കോൺഗ്രസ് 27ഉം സീറ്റിൽ ജയിച്ചു. കശ്മീർ വിഷയത്തിൽ ഇടപെട്ടുവരികയാണെന്ന് യുഎസ് കോൺഗ്രസ് ചർച്ചയിൽ ബൈഡൻ സർക്കാർ അറിയിച്ചിരുന്നു. നീക്കങ്ങൾ ഫലം കണ്ടുവെന്ന് ദക്ഷിണ–-മധ്യ ഏഷ്യാകാര്യ ആക്റ്റിങ് അസിസ്റ്റന്റ് സെക്രട്ടറി ഡീൻ തോംപസ്ൺ യുഎസ് കോൺഗ്രസിൽ പറഞ്ഞു.