തിരുവനന്തപുരം
പാർടിയിലെ എതിരാളികളെയടക്കം വെല്ലുവിളിച്ച് ബിജെപിയെ അടക്കിഭരിച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സ്വന്തം പതനം ഉറപ്പാക്കി ഡൽഹിയിൽനിന്ന് മടങ്ങിയെത്തി. അമിത്ഷായെ കാണാനാകാതെയും മറ്റ് നേതാക്കളുടെ ശാസന കേട്ടുമാണ് നാലാംദിവസം സുരേന്ദ്രൻ തിരുവനന്തപുരത്തെത്തിയത്. പാർടിക്ക് പിന്നോട്ടടിയുണ്ടായ എല്ലാ സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ ബിജെപി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഉപദേശപ്രകാരം കേന്ദ്ര നേതാക്കളെ അനുനയിപ്പിച്ച് സ്ഥാനത്ത് തുടരാനായിരുന്നു സുരേന്ദ്രന്റെ നീക്കം.
അപ്പോഴേക്കും, കുരുക്ക് മുറുകി. കുഴൽപ്പണ–- കോഴക്കേസുകളിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. പത്ത്ലക്ഷംരൂപയുമായി നടക്കുകയാണെന്ന സുരേന്ദ്രന്റെ സംഭാഷണ ശബ്ദരേഖ ജെആർപി ട്രഷറർ പ്രസീത പുറത്തുവിട്ടു. മഞ്ചേശ്വരം കോഴക്കേസിലും നിർണായക തെളിവുകൾ പൊലീസിനു ലഭിച്ചു. ഈ ഘട്ടത്തിൽ ഒരു കാരണവശാലും സ്ഥാനത്ത് തുടരാനാകില്ലെന്ന സൂചനയും കേന്ദ്ര നേതാക്കൾ നൽകി. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തിരുത്തി മുന്നോട്ടു പോകില്ലെന്ന് കൃഷ്ണദാസ് പക്ഷവും തീർത്ത് പറഞ്ഞു . ഇവർ സമാന്തര യോഗംപോലും ചേർന്നു.
സാവകാശം
പ്രതീക്ഷിച്ച് സുരേന്ദ്രൻ
ചെറിയ സാവകാശം കിട്ടിയേക്കുമെന്നാണ് സുരേന്ദ്രൻ കരുതുന്നത്.പാർടിയിൽ അന്തിമ തീരുമാനമെടുക്കുന്ന അമിത്ഷായെ കണ്ട് കാര്യങ്ങൾ പറഞ്ഞ് തീർത്ത് പോരാമെന്നായിരുന്നു സുരേന്ദ്രനും മുരളീധരനും കരുതിയത്. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ വിസമ്മതിച്ചു. മരംമുറിക്കൽ വിവാദം മുതലാക്കാമെന്ന് കരുതി മന്ത്രി പ്രകാശ് ജാവ്ഡേക്കറെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹവും അനുവാദം നൽകിയില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ദേശീയ ഓർഗനൈസേഷൻ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവർ സുരേന്ദ്രനെ ശാസിക്കുകയുംചെയ്തു. പാർടിക്ക് ദേശീയതലത്തിൽ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് കേന്ദ്ര നേതാക്കൾക്കുള്ളത്.
അമിത് ഷാ ക്ഷോഭത്തിൽ
കേരളത്തിലെ ബിജെപിയുടെ നിരാശപ്പെടുത്തിയ പ്രകടനത്തിലും ഫണ്ട് വെട്ടിപ്പിലും നരേന്ദ്ര മോഡിയും അമിത് ഷായും അങ്ങേയറ്റം ക്ഷോഭത്തിലാണ്. ശതകോടികൾ മുടക്കിയിട്ടും സിറ്റിങ് സീറ്റ് പോലും നഷ്ടപ്പെട്ടതെന്തുകൊണ്ടെന്നാണ് നേതൃത്വത്തിന്റെ ചോദ്യം. ബിജെപി സംവിധാനത്തിലൂടെയല്ലാതെ അമിത് ഷാ കേരളത്തിൽനിന്നുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇ ശ്രീധരൻ, ജേക്കബ് തോമസ്, സി വി ആനന്ദബോസ് തുടങ്ങിയവരാണ് നേതൃത്വത്തിന് വിവരം കൈമാറിയത്. പിന്നാലെയാണ് ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചുവരുത്തി ശാസിച്ചത്. കേന്ദ്ര നേതൃത്വം കൂടുതൽ വിവരം ശേഖരിച്ചു വരികയാണ്. അതിന് ശേഷമാകും നേതൃമാറ്റമടക്കമുള്ള നടപടികൾ.