കാസർകോട്
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുവേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി രണ്ടരലക്ഷം രൂപ നൽകിയതിൽ കെ സുന്ദരയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച്. സുന്ദരയുടെ മൊഴി രേഖപ്പെടുത്താൻ കാസർകോട് സിജെഎം കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകും. തന്നെ തട്ടിക്കൊണ്ടുപോയി പണം നൽകിയാണ് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന് ആദ്യം ബദിയടുക്ക പൊലീസിൽ നൽകിയ മൊഴി ക്രൈംബ്രാഞ്ചിനോടും സുന്ദര ആവർത്തിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനാണ് കോടതി ഉത്തരവുപ്രകാരം കെ സുരേന്ദ്രനെതിരെ കേസെടുത്തത്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയ്ക്ക് ക്രിമിനൽ കേസുകൂടിയാകുമ്പോൾ അറസ്റ്റും ചോദ്യംചെയ്യലും ഒഴിവാക്കാനാവില്ല. സുന്ദരക്ക് നൽകിയ രണ്ടരലക്ഷത്തിൽ ഒരു ലക്ഷം രൂപ സുഹൃത്തിന്റെ അക്കൗണ്ടിൽ കണ്ടത്തിയിട്ടുണ്ട്. ഇയാളെയും സുന്ദരക്ക് ഫോൺ വാങ്ങി നൽകിയ ബിജെപി പ്രവർത്തകനെയും ചോദ്യംചെയ്യും.
മാധ്യമപ്രവർത്തകർക്ക്
ബിജെപി ഭീഷണി
കെ സുരേന്ദ്രനെതിരെയുള്ള കെ സുന്ദരയുടെ വെളിപ്പെടുത്തൽ വാർത്തയാക്കിയ മാധ്യമപ്രവർത്തകർക്കെതിരെ ബിജെപിയുടെ ഭീഷണി. സുന്ദരയ്ക്ക് പണം നൽകിയാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും മാധ്യമപ്രവർത്തകരും പണംവാങ്ങിയെന്നും ബിജെപിയുടെ നവമാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെ കേസുകൊടുക്കുമെന്നും ഭീഷണിയുണ്ട്.