ബീജിങ്
അമേരിക്ക മറ്റ് രാജ്യങ്ങളുടെ അയലത്ത് മിസൈലുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കുന്നതിനെ എതിർക്കുന്നതായി ചൈന. ഇത് അന്താരാഷ്ട്ര സുസ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്നും ചൈന വ്യക്തമാക്കി . നിരായുധീകരണവുമായി ബന്ധപ്പെട്ട് ജനീവയില് നടന്ന വിര്ച്വല് സമ്മേളനത്തിലാണ് അമേരിക്കയുടെ പേര് പറയാതെ ചൈനീസ് വിദേശമന്ത്രി വാങ് യിയുടെ വിമര്ശം. ഉത്തര കൊറിയയുടെ ഭീഷണി നേരിടാൻ എന്ന പേരില് ദക്ഷിണ കൊറിയയിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും വിന്യസിച്ചിട്ടുള്ള അമേരിക്കയുടെ ‘താഡ്’ (ടെര്മിനല് ഹൈ ആള്ടിറ്റ്യൂഡ് ഡിഫന്സ്) തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൈന നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈന ആയുധ നിയന്ത്രണത്തിനും നിരായുധീകരണ ലക്ഷ്യത്തിനുമായി നിലകൊള്ളും.
ഇതിനായി ലോകരാജ്യങ്ങള് തമ്മിൽ ഉടമ്പടികള് ഒപ്പുവയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. യൂറോപ്പിൽ ആണവ ഭൂതല മിസൈലുകൾ വിന്യസിക്കുന്നതിനെ നാറ്റോ അംഗങ്ങൾ എതിർക്കുന്നുണ്ട്. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് പങ്കെടുക്കുന്ന നാറ്റോ ഉച്ചകോടിയിയില് ഇത് ചര്ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള് വ്യക്തമാക്കി.