കോൺവാൾ
ചൈനയ്ക്കെതിരെ സമ്പന്ന രാഷ്ട്രങ്ങളെ ഒറ്റക്കെട്ടായി അണിനിരത്താമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മോഹത്തിന് തിരിച്ചടി. ഷിൻജിയാങ്ങ്, കമ്പോള മത്സരം തുടങ്ങിയ കാര്യങ്ങളിൽ ചൈനയ്ക്കെതിരെ ജി 7 ഉച്ചകോടിയിലും വാദം ആവർത്തിച്ച ബൈഡൻ, സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. എന്നാൽ, കമ്പോളേതര നയങ്ങളെയും നടപടികളെയും ചെറുക്കാൻ കൂട്ടായ സമീപനങ്ങൾക്ക് കൂടിയാലോചനകൾ തുടരും എന്ന പ്രസ്താവനയിൽ ഒതുങ്ങി ഉച്ചകോടിക്കൊടുവിലെ പ്രഖ്യാപനം. മനുഷ്യാവകാശങ്ങൾ മാനിക്കണമെന്ന് ചൈനയോട് ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. ക്യാനഡയും ബ്രിട്ടനും ഫ്രാൻസും ഏറെക്കുറെ ബൈഡനോട് യോജിച്ചെങ്കിലും ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവയുടെ വിയോജിപ്പ് യുഎസിന് ആഘാതമായി. ചർച്ച കടുത്ത വിയോജിപ്പിലേക്ക് നീങ്ങിയതോടെ യോഗസ്ഥലത്തെ ഇന്റർനെറ്റ് ബന്ധംപോലും വിച്ഛേദിച്ചു.
യൂറോപ്യൻ യൂണിയനെയും ജപ്പാനെയും അമേരിക്കൻ വഴിക്ക് കൊണ്ടുവരാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ വഴിയും ശ്രമം നടന്നു. ഏതാനും രാജ്യങ്ങളുടെ ഒരു ചെറിയ സംഘം ആഗോള തീരുമാനങ്ങൾ അടിച്ചേൽപിക്കുന്ന കാലം കഴിഞ്ഞെന്ന് ചൈന പ്രതികരിച്ചു.