കോൺവാൾ
കോവിഡ് പ്രതിരോധത്തിന് രാജ്യങ്ങൾക്ക് 100 കോടി ഡോസ് വാക്സിൻ നൽകുമെന്ന് ജി 7 രാഷ്ട്രങ്ങൾ. കോൺവാളിൽ ചേർന്ന ഉച്ചകോടിയിലാണ് തീരുമാനം. ഇതിൽ പകുതി അമേരിക്കയാകും നൽകുക. പത്തുകോടി ഡോസ് ബ്രിട്ടൻ നൽകും. എന്നാൽ, 100 കോടി ഡോസ് എന്നത് വളരെ കുറവാണെന്ന് വ്യാപക വിമർശമുയർന്നു. ലോകമെമ്പാടുമുള്ള പാവങ്ങൾക്ക് വാക്സിൻ എത്തിക്കാനുള്ള ചെലവ് ജി 7 വഹിക്കണമെന്ന് മുൻ ലോകനേതാക്കളും ആവശ്യപ്പെട്ടിരുന്നു. ജി 7 തീരുമാനത്തിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസും അതൃപ്തി പ്രകടിപ്പിച്ചു. ലോകജനതയുടെ 70 ശതമാനത്തിനും വാക്സിൻ ലഭ്യമാക്കിയാലേ കോവിഡ് നിയന്ത്രിക്കാനാകൂ. ഇതിന് 2022 ജൂണിനകം 1100 കോടി ഡോസ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതും മുഖ്യ അജൻഡയാക്കാൻ ഉച്ചകോടി തീരുമാനിച്ചു. കാർബൺ വാതകങ്ങളുടെ അളവ് നിയന്ത്രിക്കാൻ ദരിദ്ര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. 2050ഓടെ ജി 7 രാജ്യങ്ങൾ കാർബൺ വാതകങ്ങൾ പുറത്തുവിടാത്ത നിലയിലെത്തും.
വൻകിട കോർപറേറ്റുകളിൽനിന്ന് 15 ശതമാനം നികുതി ഈടാക്കാനുള്ള മന്ത്രിതലയോഗ ശുപാർശ ഉച്ചകോടി അംഗീകരിച്ചു. രണ്ടുവർഷത്തിനുശേഷമാണ് ജി 7 ഉച്ചകോടി ചേർന്നത്. അന്താരാഷ്ട്ര നാണ്യനിധിയുടെ കരുതൽ നിധിയിൽനിന്ന് 10,000 കോടി ഡോളർ (ഏകദേശം 7.32 ലക്ഷം കോടി രൂപ) ദരിദ്ര രാജ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധി നേരിടാൻ സഹായമായി നൽകാനുള്ള ശുപാർശയിലും അഭിപ്രായ ഐക്യം ഉണ്ടായില്ല. കഴിഞ്ഞ വർഷം അമേരിക്കയിൽ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ നടന്നില്ല. ജർമനിയിലാണ് അടുത്ത വർഷത്തെ ഉച്ചകോടി.