തിരുവനന്തപുരം: ഈട്ടിക്കൊള്ള കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്ന ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി.സാജന് നേരത്തെയും സമാനമായ കേസിൽ പങ്കുള്ളതായി വിജിലൻസ് റിപ്പോർട്ട്.
2001ൽ കാസർകോട് റേഞ്ച് ഓഫീസർ ആയിരിക്കെ നടന്ന വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് എൻ.ടി.സാജനെതിരെയുള്ള കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദനത്തൈല ഫാക്ടറികൾക്ക് വഴിവിട്ട സഹായം ചെയ്തുവെന്ന റിപ്പോർട്ട് കാസർകോട് യൂണിറ്റാണ് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കാസർകോട്ടെ ഏഴ് അനധികൃത ചന്ദനത്തൈല ഫാക്ടറികൾക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിൽ എൻ.ടി.സാജന്റേയും പേരുണ്ട്. ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിജിലൻസ് റിപ്പോർട്ടിന് ശേഷം നടന്ന വകുപ്പുതല അന്വേഷണവും നടന്നിരുന്നു. എന്നാൽ കാര്യമായ നടപടികൾ ഉണ്ടായില്ല.
15 കോടി രൂപയുടെ ഈട്ടിത്തടി കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനാണ് എൻ.ടി.സാജൻ. കേസിലെ പ്രതികളെ സാജൻ സഹായിച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജനെ ഫോറസ്റ്റ് വിജിലൻസ് ഉത്തരമേഖലാ കൺസർവേറ്ററാക്കാൻ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട് ഇത് തടഞ്ഞിരുന്നു.