ഡെന്മാര്‍ക്ക്: യുവേഫ യൂറോക്കപ്പില്‍ ഉജ്വല തുടക്കവുമായി ബല്‍ജിയം. റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തി. ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം റൊമേലു ലൂക്കാക്കു തിളങ്ങി. ഗോളുകള്‍ മത്സരത്തിനിടെ കുഴഞ്ഞു വീണ ക്രിസ്റ്റ്യന്‍ എറിക്സണ് ലൂക്കാക്കു സമര്‍പ്പിച്ചു. തോമസ് മ്യൂനിയറാണ് മറ്റൊരു സ്കോറര്‍.
യൂറോക്കപ്പില്‍ കിരീട നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ് ബല്‍ജിയം. തുടക്കം മുതല്‍ അവര്‍ കളം വാണു. ഡ്രൈസ് മാര്‍ട്ടേന്‍സിന്റെ ലോങ് പാസ് തടയുന്നതില്‍ റഷ്യന്‍ പ്രതിരോധ താരത്തിന് പിഴച്ചു. ബോക്സിനുള്ളില്‍ നിന്ന ലൂക്കാക്കുവിലേക്ക് പന്ത്. വരുതിയിലാക്കി ഇടം കാലുകൊണ്ട് ഷോട്ട്. അനായാസം ഗോള്‍ വല കടന്നു.
34-ാം മിനുറ്റിലാണ് മ്യൂനിയറിന്റെ ഗോള്‍ പിറന്നത്. ഇത്തവണ പ്രതിരോധത്തിനല്ല റഷ്യന്‍ ഗോളി ഷുനിനാണ് പിഴച്ചത്. ഷുനിന്‍ തട്ടിയകറ്റിയ ക്രോസ് മ്യൂനിയര്‍ വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ തന്നെ വ്യക്തമായ ലീഡുമായി ബല്‍ജിയം.
Also Read: യൂറോകപ്പ് മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൻ തളർന്നുവീണു
എന്നാല്‍ രണ്ടാം പകുതിയില്‍ ഗോളുകള്‍ വീഴാന്‍ മടിച്ചു. അവസാന നിമിഷം വരെ കാത്തിരിന്നു ഗോളിനായി. ഒടുവില്‍ 88-ാം മിനുറ്റില്‍ ലൂക്കാക്കു വീണ്ടും. മ്യൂനിയറാണ് ഗോളിന് പിന്നില്‍. റഷ്യന്‍ പ്രതിരോധ നിരയ്ക്കിടയിലൂടെ മനോഹരമായ പാസ്. ലൂക്കാക്കുവിന്റെ പിഴയ്ക്കാത്ത ബൂട്ട് ബല്‍ജിയത്തിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
അതേസമയം, ഫിന്‍ലാന്‍ഡ് ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. 59-ാം മിനുറ്റി ജോയല്‍ പോഹാന്‍പാലോയാണ് ഗോള്‍ നേടിയത്. ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണതിനെ തുര്‍ന്ന് ആദ്യ പകുതിയ്ക്ക് ശേഷം കളി നിര്‍ത്തി വച്ചിരുന്നു.
The post ക്രിസ് ഐ ലവ് യു, ഗോളുകള്‍ എറിക്സണ് സമര്‍പ്പിച്ച് ലൂക്കാക്കു; ബല്‍ജിയം റഷ്യയെ തകര്‍ത്തു appeared first on Indian Express Malayalam.