കോഴിക്കോട് :വിവാദ മരംമുറി കേസിൽ പാർട്ടിക്കോ മന്ത്രിമാർക്കോ പിഴവ് പറ്റിയിട്ടില്ലെന്ന വിശ്വാസത്തിലാണ് സി.പി.ഐ. നേതാക്കളിൽ മിക്കവരും. എന്നാൽ, ഈ വിഷയം വേണ്ടരീതിയിൽ കൈകാര്യംചെയ്തില്ലെന്നും തുടക്കത്തിൽതന്നെ പ്രതികരിക്കാതിരുന്നതും പാർട്ടിക്ക് ദോഷംചെയ്യുന്നുവെന്ന വിലയിരുത്തലിലാണ് വലിയൊരു വിഭാഗം. ലോക് ഡൗൺ കാരണം നീണ്ടുപോകുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ മരംമുറി വിവാദം മുഖ്യ അജൻഡയാവും എന്നതും ഉറപ്പായി.
വിഷയം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്ന് നേരത്തേതന്നെ സി.പി.ഐ. നേതൃത്വം മുഖ്യമന്ത്രിയെയും സി.പി.എം. നേതൃത്വത്തെയും അറിയിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർക്ക് ഉത്തരവാദിത്വമില്ലെന്ന് പറയുമ്പോൾതന്നെ എന്തുകൊണ്ട് അത് നേരത്തേ കണ്ടെത്തി തടയാൻ കഴിഞ്ഞില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ സി.പി.ഐ.യിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. സ്വന്തം പുരയിടത്തിലെ മരംമുറിക്കാനുള്ള അനുമതിക്കായി ഇടുക്കിയിലെ വലിയൊരു വിഭാഗം കർഷകരും കർഷകസംഘടനകളും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അന്നത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചതും അനുകൂലമായ തീരുമാനമെടുത്തതും. എന്നാൽ, ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ നോട്ടപ്പിശകാവാം പിന്നീട് തത്പരകക്ഷികൾക്ക് അനുകൂലമായ അവസരം ഉണ്ടാക്കിക്കൊടുത്തത് എന്ന നിഗമനത്തിലാണ് നേതൃത്വം.
എന്നാൽ, ഇക്കാര്യത്തിൽ യുക്തിസഹമായ വിശദീകരണം നൽകാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ അന്ന് റവന്യൂ, വനം മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരനോ കെ. രാജുവോ തയ്യാറാവാത്തത് എന്തുകൊണ്ട് എന്നതാണ് ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. യു..ഡി.എഫും ബി.ജെ.പി.യും വിമർശനം കടുപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
സി.പി.ഐ. നേരത്തേ വനംവകുപ്പ് കൈകാര്യംചെയ്തപ്പോഴും ചില വിവാദങ്ങൾ ഉയർന്നതും വീണ്ടും ചർച്ചയാവുന്നുണ്ട്.