കോപൻഹേഗൻ
കായിക ലോകത്തെ നടുക്കി മത്സരത്തിനിടെ ഡെൻമാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സൺ കളത്തിൽ കുഴഞ്ഞുവീണു. യൂറോ കപ്പിൽ ഡെൻമാർക്ക്–-ഫിൻലൻഡ് മത്സരത്തിനിടെയായിരുന്നു സംഭവം. തുടർന്ന് മത്സരം നിർത്തിവച്ചു. എറിക്സൺ അപകടനില തരണം ചെയ്തു. കൂടുതൽ പരിശോധന തുടരുന്നതായി ഡെൻമാർക്ക് ടീം അറിയിച്ചു.
കുഴഞ്ഞുവീണ എറിക്സണെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നായിരുന്നു മത്സരം നിർത്തിയ അറിയിപ്പ് വന്നത്. ആദ്യപകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ ഒരു ത്രോബോൾ സ്വീകരിക്കാനൊരുങ്ങുമ്പോഴായിരുന്നു എറിക്സൺ വീണത്. ഉടൻതന്നെ മെഡിക്കൽ സംഘം കളത്തിലേക്ക് കുതിച്ചെത്തി. മിനിറ്റുകൾ കഴിഞ്ഞിട്ടും എറിക്സന്റെ നിലയിൽ മാറ്റമില്ലാതെ തുടർന്നപ്പോൾ കളിക്കാരുടെ ഭാവം മാറി. കരച്ചിലടക്കാൻ കളിക്കാർ ബുദ്ധിമുട്ടി. കാണികൾ വിങ്ങിപ്പൊട്ടി. ഉടൻതന്നെ ഈ ഇരുപത്തൊമ്പതുകാരന് കൃത്രിമ ശ്വാസോച്ഛാസം നൽകിയെങ്കിലും ആശങ്ക മാറിയില്ല. ഇതിനിടെ എറിക്സന്റെ കൂട്ടുകാരി സബ്രീന മെെതാനത്തെത്തി. വിങ്ങിപ്പൊട്ടിയ സബ്രീനയെ എറിക്സന്റെ സഹതാരങ്ങളും പരിശീലകരും ആശ്വസിപ്പിച്ചു.
ഒടുവിൽ 55–-ാം മിനിറ്റിൽ കളിക്കാർ പുറത്തേക്ക് പോയി. പിന്നാലെ എറിക്സണെയും വഹിച്ച് വാഹനം പുറത്തേക്ക് നീങ്ങി. കളി നിർത്തിയതായി ഔദ്യോഗിക പ്രഖ്യാപനമെത്തുകയും ചെയ്തു.ഡെൻമാർക്കിന്റെ ഏറ്റവും മികച്ച താരമാണ് എറിക്സൺ. ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരായ ഇന്റർ മിലാന്റെ പ്രധാന കളിക്കാരനുമാണ്.
കളിക്കളത്തിൽ മെഡിക്കൽ സംഘത്തിനൊപ്പം സഹകളിക്കാരും ചേർന്നാണ് എറിക്സനെ പരിചരിച്ചത്. കടുത്ത ഹൃദയാഘാതമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.