പാരീസ്
ഫൈനലായി മാറിയ സെമിഫൈനലിലെ അവിസ്മരണീയ വിജയവുമായി നൊവാക് യൊകോവിച്ച് ഇന്ന് കലാശപ്പോരിന്. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ ലോക ഒന്നാംനമ്പർ താരം യൊകോവിച്ച് ഗ്രീക്കുകാരൻ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. വൈകിട്ട് ആറരയ്ക്ക് സ്റ്റാർ സ്പോർട്സ് സെലക്ട് എച്ച്ഡി ഒന്നിൽ കളി കാണാം.
നാലുമണിക്കൂറും 11 മിനിറ്റും നീണ്ട സെമിയിലാണ് സെർബിയക്കാരൻ യൊകോവിച്ച് ചാമ്പ്യൻ റാഫേൽ നദാലിനെ തോൽപ്പിച്ചത്. 13 തവണ ചാമ്പ്യനായ നദാലിനെ നിഷ്പ്രഭനാക്കിയ യൊകോവിച്ച് ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷമാണ് പൊരുതിക്കയറിയത്. 3–-6, 6–-3, 7–-6, 6–-2. മൂന്നാംസെറ്റ് 92 മിനിറ്റ് നീണ്ടു. കരുത്തുറ്റ ഷോട്ടുകളുമായി കളംനിറഞ്ഞ യൊകോവിച്ചിന് നദാൽ വരുത്തിയ പിഴവുകളും തുണയായി.
ഫ്രഞ്ച് ഓപ്പണിൽ 16 വർഷത്തിനിടെ 108 കളിയിൽ മൂന്നുതവണമാത്രമാണ് സ്പാനിഷ്താരം നദാൽ തോറ്റിട്ടുള്ളത്.യൊകോവിച്ചിനേക്കാൾ 12 വയസ്സ് കുറഞ്ഞ ഇരുപത്തിരണ്ടുകാരൻ സിറ്റ്സിപാസ് സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സെവ്രേവിനെയാണ് കീഴടക്കിയത്. ഒരു ഗ്രീക്കുകാരന്റെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലാണിത്.
ക്രെജിക്കോവ ജേത്രി
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുതിയ വനിതാ ചാമ്പ്യൻ. സീഡ് ചെയ്യപ്പെടാത്ത ചെക്ക് താരം ബാർബറ ക്രെജിക്കോവയാണ് കന്നി ഗ്രാന്റ്സ്ലാം കിരീടം നേടിയത്. ഫൈനലിൽ റഷ്യക്കാരി അനസ്താസിയ പവ്ലിയുചെങ്കോവയെ 6–-1, 2–-6, 6–-4ന് തോൽപ്പിച്ചു.
ആദ്യസെറ്റ് അരമണിക്കൂറിൽ അനായാസം നേടിയ ഇരുപത്തഞ്ചുകാരി രണ്ടാംസെറ്റിൽ തളർന്നു. എന്നാൽ, നിർണായക സെറ്റിൽ വർധിതവീര്യത്തോടെ തിരിച്ചെത്തി വിജയമുറപ്പിച്ചു. ഡബിൾസിൽ കൂട്ടുകാരി കാതറീന സിനിയാകോവുമൊത്ത് ഫൈനലിൽ കടന്നിട്ടുണ്ട്.