ബ്രസീലിയ
ലാറ്റിനമേരിക്കൻ ഫുട്ബോളിൽ കളംനിറയാൻ വീണ്ടും ബ്രസീൽ. സാംബാ ചുവടുകളുമായി സോക്കർ പ്രേമികളെ വിസ്മയിപ്പിക്കാൻ കാനറികൾ എത്തുന്നു. കോപ അമേരിക്കയിൽ തുടർച്ചയായ രണ്ടാംകിരീടത്തിലാണ് നെയ്മറിന്റെയും പടയാളികളുടെയും കണ്ണ്. രണ്ടുവർഷമായി അജയ്യരാണ് ബ്രസീൽ. ലോകകപ്പ് യോഗ്യതാപോരുകളിൽ തുടർജയം. അവരുടെ കുതിപ്പിൽ എതിരാളികൾ പലപ്പോഴും കാഴ്ചക്കാരായി. ഗരീഞ്ച നാഷണൽ സ്റ്റേഡിയത്തിൽ വെനസ്വേലയാണ് കോപയിലെ ബ്രസീലിന്റെ ആദ്യ എതിരാളി. നാളെ പുലർച്ചെ 2.30ന് ആരവങ്ങളില്ലാത്ത, ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ കോപയ്ക്ക് വിസിൽ മുഴങ്ങും.
കോപ ബ്രസീലിന് ലോകകപ്പിലേക്കുള്ള വഴിയാണ്. പരിശീലകൻ ടിറ്റെയുടെ മനസ്സ് നിറയെ ഖത്തറിൽ നടക്കുന്ന ലോകകപ്പാണ്. ‘കോപ ടീമിനെ രൂപപ്പെടുത്തുന്ന വേദിയാണ്. ലോകകപ്പിലേക്ക് എല്ലാ നിരയിലും മികച്ചവരെ ഇപ്പോഴേ കണ്ടെത്തണം’–- ടിറ്റെ വ്യക്തമാക്കി. നെയ്മറാണ് മഞ്ഞപ്പടയുടെ വജ്രായുധം. ഈ ഇരുപത്തൊമ്പതുകാരനാണ് എല്ലാ നീക്കങ്ങൾക്കും ജീവൻ നൽകുന്നത്. ബ്രസീൽ കുപ്പായത്തിൽ അച്ചടക്കമുള്ള കളിയാണ് നെയ്മർക്ക്. ഗോളടിക്കാനും ഒരുക്കാനും ഒരുപോലെ മിടുക്കുണ്ട്. അവസാന നാലു കളിയിൽ അഞ്ച് ഗോളും നാല് അവസരങ്ങളുമാണ് മുന്നേറ്റക്കാരൻ കാനറികൾക്കായി വഴിവച്ചത്. ഏതു പ്രതിരോധ കോട്ടകളെയും തകർക്കുന്ന ആക്രമണക്കൂട്ടാണ് ബ്രസീലിനുള്ളത്. റിച്ചാർലിസൺ, ഗബ്രിയേൽ ജെസ്യൂസ്, റോബർടോ ഫിർമിനോ, ഗബ്രിയേൽ ബാർബോസ, വിനീഷ്യസ് ജൂനിയർ എന്നിവരിൽ ആദ്യ 11ൽ ആരെ ഉൾപ്പെടുത്തുമെന്നത് ടിറ്റെയ്ക്കും ശരിക്കും പരീക്ഷണമാകും.
ബ്രസീൽ ഫുട്ബോളിന്റെ ഭാവിവാഗ്ദാനമെന്ന് വിലയിരുത്തപ്പെട്ട ബാർബോസയുടെ മടങ്ങിവരവാണ് ഇത്തവണത്തെ സവിശേഷത. ഇരുപതാംവയസ്സിൽ ഇന്റർ മിലാനിലേക്ക് ചേക്കേറിയ ബാർബോസയ്ക്ക് പക്ഷേ ഇറ്റലിയിൽ തെളിയാനായില്ല. എന്നാൽ, രണ്ടുവർഷംമുമ്പേ ബ്രസീലിലേക്ക് മടങ്ങിയെത്തിയ മുന്നേറ്റക്കാരൻ ഗോളടിച്ചുകൂട്ടി പ്രതാപം വീണ്ടെടുത്തു.
കാസെമിറോയിലാണ് മധ്യനിരയുടെ താക്കോൽ. ഒപ്പം ഫ്രെഡും ലൂക്കാസ് പക്വേറ്റയുമുണ്ട്. പ്രതിരോധചുമതല മാർകീന്വോസിനും തിയാഗോ സിൽവയ്ക്കുമാണ്. വിങ്ങുകളിൽ ഡാനി ആൽവേസിന്റെ അഭാവം ബ്രസീലിനെ ബാധിക്കുമെന്ന് ഉറപ്പാണ്. പരിക്കുകാരണം പുറത്താണ് ആൽവേസ്. അലിസൺ ബെക്കർ വല കാക്കും. എഡേഴ്സൺ രണ്ടാംഗോളിയാകും. വിങ്ങർ യെഫേഴ്സൺ സോടെൾഡോയിലാണ് വെനസ്വേലയുടെ പ്രതീക്ഷകൾ. രണ്ടാംകളിയിൽ പുലർച്ചെ അഞ്ചരയ്ക്ക് കൊളംബിയ ഇക്വഡോറിനെ നേരിടും.