ന്യൂഡൽഹി
പുതിയ കാർഷിക നിയമം പിൻവലിപ്പിക്കാനുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാന് 26ന് രാജ്യമെങ്ങും രാജ്ഭവനുകൾ ഉപരോധിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. അന്ന് പ്രക്ഷോഭം ഏഴുമാസം പിന്നിടും. ഒപ്പം അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 46–-ാമത് വാർഷികവും. രാജ്ഭവൻ ഉപരോധത്തിന് പുറമെ വിവിധ സമരപരിപാടികളും സംഘടിപ്പിക്കും.
ഡൽഹി അതിർത്തി കേന്ദ്രീകരിച്ച് കർഷകസംഘടനകൾ സമരമാരംഭിച്ചത് 2020 നവംബർ 26നാണ്. കോവിഡിന്റെ ഒന്നും രണ്ടും വ്യാപന ഘട്ടങ്ങളെ അതിജീവിച്ചാണ് സമരം മുന്നേറുന്നത്. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങളുടെ മറവിൽ സമരത്തെ അടിച്ചമർത്താൻ മോഡി സർക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിലൊഴികെ എല്ലായിടത്തും ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. യുപിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നോക്കം പോയി.
ഹരിയാനയിൽ ബിജെപി–- ജെജെപി നേതാക്കൾക്കെതിരായ ബഹിഷ്കരണവും കരിങ്കൊടി പ്രതിഷേധവും തുടരുമെന്ന് സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു. പൊതുപരിപാടികളിലേക്ക് ഇവരെ ക്ഷണിക്കില്ല. ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതും വിലക്കണമെന്നും കർഷക നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.