തിരുവനന്തപുരം
കനത്ത തോൽവിക്ക് പിന്നാലെ കുഴൽപ്പണ, കോഴ കേസുകളിൽപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിൽ തങ്ങുന്നത് സംബന്ധിച്ച് അഭ്യൂഹം. മഞ്ചേശ്വം കോഴക്കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്നാണ് അവിടെ തങ്ങുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം. മനഃപൂർവം ആരൊക്കെയോ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് ഇതേക്കുറിച്ച് സുരേന്ദ്രൻ ഡൽഹിയിൽ പ്രതികരിച്ചത്.
അമിത് ഷായെ സന്ദർശിക്കാൻ സമയം കിട്ടാത്തതിനാൽ അതിനായി കാക്കുകയാണെന്നും പറയുന്നു. തോൽവിയിലും കൊടുത്തുവിട്ട കള്ളപ്പണം സംരക്ഷിക്കാൻ കഴിയാതെ നാണക്കേടുണ്ടാക്കിയതിലും ക്ഷുഭിതനാണ് അമിത് ഷാ. ഡൽഹിയിൽ ചെന്നശേഷം ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ കാണാൻ മാത്രമാണ് സുരേന്ദ്രന് സാധിച്ചത്. അവിടെനിന്ന് കണക്കിന് കിട്ടുകയും ചെയ്തു.
സുരേന്ദ്രനെ തുടരാൻ അനുവദിച്ചുവെന്നും കേരള നേതൃത്വത്തിന് എല്ലാ പിന്തുണയും നഡ്ഡ നൽകിയെന്നുമുള്ള പ്രചാരണത്തിനു പിന്നിൽ വി മുരളീധരനാണെന്ന് കൃഷ്ണദാസ് പക്ഷം പറഞ്ഞു. മഞ്ചേശ്വരം, സി കെ ജാനു കോഴക്കേസുകളിൽ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ച സാഹചര്യത്തിൽ അറസ്റ്റുണ്ടായേക്കുമെന്നാണ് പ്രചാരണം. അത്തരത്തിലൊരു പ്രതിയെ സംസ്ഥാന അധ്യക്ഷനായി തുടരാൻ കേന്ദ്ര നേതൃത്വം അനുവദിക്കില്ലെന്നും കൃഷ്ണദാസ്പക്ഷ നേതാക്കൾ പറയുന്നു.
ഭാരവാഹി യോഗത്തിലും ഒഴിവാക്കി
പി വി ജീജോ
കോഴിക്കോട്
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പങ്കെടുപ്പിക്കാതെ ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം. ഡൽഹിയിലുള്ള സുരേന്ദ്രനെ മാറ്റിനിർത്തി പി കെ കൃഷ്ണദാസ്–- ശോഭാ സുരേന്ദ്രൻ പക്ഷമാണ് യോഗം ആസൂത്രണം ചെയ്തത്.
സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനാണ് യോഗം വിളിച്ചത്. സുരേന്ദ്രനില്ലാതെ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് മുരളീധരവിഭാഗത്തിലെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി കൃഷ്ണകുമാറും ജോർജ് കുര്യനും യോഗം ബഹിഷ്കരിച്ചു. അധ്യക്ഷനും ഉദ്ഘാടകനുമില്ലാതെയായിരുന്നു ശനിയാഴ്ച രാവിലത്തെ ഓൺലൈൻ യോഗം.
16, 17, 18 തീയതികളിൽ ജില്ലാ –- മണ്ഡലം കേന്ദ്രങ്ങളിലും ബൂത്ത് തലത്തിലും സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ പ്രവർത്തനങ്ങളിൽ ആർഎസ്എസിനുള്ള അതൃപ്തി ശക്തമെന്ന് സൂചിപ്പിക്കുന്നതാണ് സംഘടനാ ജനറൽ സെക്രട്ടറി മുൻകൈയെടുത്ത് വിളിച്ച യോഗം.