കണ്ണൂർ
ഹൈക്കമാൻഡിനെ ലോ കമാൻഡെന്ന് പരിഹസിച്ച കെ സുധാകരൻ, കെപിസിസി പ്രസിഡന്റായപ്പോൾ അച്ചടക്കവാൾ വീശി പേടിപ്പിക്കുന്നു. കോൺഗ്രസുകാരെ പഠിപ്പിക്കാനിറങ്ങിയ സുധാകരനാണ് അച്ചടക്കം ലംഘിച്ചവരുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്ന് എ, ഐ ഗ്രൂപ്പുകൾ തന്നെ പറയുന്നു.
സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ പരസ്യമായി ബഹളം വയ്ക്കുന്നതും സുധാകരന്റെ പതിവാണെന്ന് പല നേതാക്കളും ഓർമിപ്പിച്ചു. ഇരിക്കൂറിൽ ഹൈക്കമാൻഡ് സജീവ് ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ എ ഗ്രൂപ്പിന് നീതികിട്ടിയില്ലെന്ന് ആദ്യം പറഞ്ഞത് സുധാകരനാണ്. പ്രശ്നം സ്ഥാനാർഥിയെ പ്രഖ്യാപിച്ചവർതന്നെ തീർക്കട്ടെയെന്നായിരുന്നു നിലപാട്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനുള്ള ഹൈക്കമാൻഡിന്റെ ആവശ്യവും തള്ളിയിരുന്നു. തന്റെ കെപിസിസി അധ്യക്ഷ പദവി വൈകുന്നത് ഹൈക്കമാൻഡിനെ ചിലർ തെറ്റിദ്ധരിപ്പിച്ചിട്ടാണെന്ന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചതുൾപ്പെടെ സുധാകരനെ തിരിഞ്ഞുകൊത്തുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റാൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുമെന്ന് പറഞ്ഞതും ഇതേ സുധാകരൻ തന്നെ. വളപട്ടണം പൊലീസ് പിടികൂടിയ മണൽമാഫിയാ സംഘത്തെ രക്ഷിക്കാനിറങ്ങിയതിന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചപ്പോൾ കണ്ണൂരിൽ കാലുകുത്തിക്കില്ലെന്നായിരുന്നു പ്രതികരണം.
കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനെ പുറത്താക്കിയ അച്ചടക്കവും നാടാകെ അറിഞ്ഞതാണ്. ഡിസിസി ഓഫീസിൽ ബന്ദിയാക്കപ്പെട്ട പി രാമകൃഷ്ണനോളം സുധാകരന്റെ ‘അച്ചടക്കം’ അറിഞ്ഞവർ ആരുമുണ്ടാവില്ല. വാളോങ്ങിയത് കെ സി ജോസഫിനെതിരെ കോൺഗ്രസ് പാരമ്പര്യം അവകാശപ്പെടാനില്ലാത്ത സുധാകരൻ ക്രിമിനലുകളെ ഇറക്കിയാണ് 1991ൽ കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. സംഘടനാ കോൺഗ്രസിൽനിന്ന് ജനതാപാർടി, ജനത(ജി) എന്നിവയിലൂടെ 1984 ൽ കോൺഗ്രസിലെത്തിയ സുധാകരൻ കെ സി ജോസഫിനെ പോലെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങുന്നതും കൗതുകകരമാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിൽ തോറ്റാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും തോന്നിയാൽ ബിജെപിയിൽ ചേരുമെന്ന് ഭീഷണിപ്പെടുത്തിയതും പ്രവർത്തകർ ഓർമിപ്പിക്കുന്നു.