തിരുവനന്തപുരം
പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് പദവികൾ കൈയടക്കിയതിനൊപ്പം സംസ്ഥാന ജില്ലാ നേതൃസ്ഥാനങ്ങളിലേക്കും കെ സുധാകരൻ കെ സി വേണുഗോപാൽ- വി ഡി സതീശൻ അച്ചുതണ്ട് പിടിമുറുക്കി.
കെപിസിസി, ഡിസിസി പുനഃസംഘടനയിലും എ, ഐ ഗ്രൂപ്പുകളെ ഇരുട്ടത്ത് നിർത്താനാണ് മൂവരും ഒന്നിച്ച് കരുനീക്കുന്നത്. അതിനിടെ ഗ്രൂപ്പുപിന്തുണയില്ലാതെ അവഗണിക്കപ്പെട്ടവരുടെ നേതൃത്വത്തിലും പടയൊരുക്കം തുടങ്ങി. എംപിമാരെയും എംഎൽഎമാരെയും തെരഞ്ഞെടുപ്പിൽ തോറ്റവരെയും ഒഴിവാക്കി പുതിയ ആളുകളെ ഭാരവാഹികളാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതിയും നൽകി.
പുനഃസംഘടനയെക്കുറിച്ച് ഉമ്മൻചാണ്ടിയുമായോ, രമേശ് ചെന്നിത്തലയുമായോ ഒരു ആലോചനയും ഹൈക്കമാൻഡ് നടത്തിയിട്ടില്ല. യുഡിഎഫ് കൺവീനർ എം എം ഹസൻ നിൽക്കണോ പോണോ എന്ന മട്ടിൽ കടിച്ചുതൂങ്ങാനും ശ്രമിക്കുന്നുണ്ട്. വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയ കെ വി തോമസിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കെ മുരളീധരനാണ് മുൻതൂക്കം.
പുനഃസംഘടനയിൽ പ്രവർത്തനപാരമ്പര്യം പരിഗണിക്കുമെന്ന് വി ഡി സതീശനും കെ സുധാകരനും ആവർത്തിക്കുമ്പോഴും എംപിമാരെയും എംഎൽഎമാരെയും കുത്തിത്തിരുകാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഗ്രൂപ്പ് പരിഗണനയുണ്ടാകരുതെന്നാണ് ആവശ്യം. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകളും അണിയറനീക്കം ശക്തമാക്കി. ഡിസിസികളിൽ പുതിയ അധ്യക്ഷന്മാരെത്തുമെന്നുറപ്പായതോടെ ജില്ലാതലങ്ങളിലും ചരടുവലികൾ മുറുകി. തൃത്താലയിൽ പരാജയപ്പെട്ട വി ടി ബൽറാമിനെ പാലക്കാടും അരുവിക്കരയിൽ തോറ്റ കെ എസ് ശബരീനാഥനെ തിരുവനന്തപുരത്തും അനിൽ അക്കരെയെ തൃശൂരും ഡിസിസി പ്രസിഡന്റുമാരാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
‘സ്ഥാനം മാറ്റാൻ’
സുധാകരൻ
കെപിസിസി ആസ്ഥാനത്ത് സമ്പൂർണ അഴിച്ചുപണിക്ക് കെ സുധാകരൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി വിശ്വസ്തനെ ജനറൽ സെക്രട്ടറിയാക്കി ഓഫീസ് ചുമതലയിൽ നിയമിക്കും. വി എം സുധീരനും എം എം ഹസനും അധ്യക്ഷനായപ്പോൾ തമ്പാനൂർ രവിക്കായിരുന്നു ഓഫീസ് ചുമതല. മുല്ലപ്പള്ളി രാമചന്ദ്രൻ ഇത് കെ പി അനിൽകുമാറിന് കൈമാറി. ഇതിനെതിരെ എ ഗ്രൂപ്പ് ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീട് കെട്ടടങ്ങി. കെപിസിസി പ്രസിഡന്റ് വാഴാത്തത് ഓഫീസ് മുറിയുടെ കുഴപ്പത്താലാണെന്ന ജ്യോത്സ്യന്റെ ഉപദേശം കണക്കിലെടുത്ത് മുറിക്കും ഇരിപ്പിടത്തിനും മാറ്റം വരുത്താനും ആലോചിക്കുന്നുണ്ട്.