ന്യൂഡൽഹി
രാജ്യത്ത് പെട്രോളിനു പിന്നാലെ ഡീസലും ‘സെഞ്ച്വറിയടിച്ചു’. രാജസ്ഥാനിൽ ഡീസലിന് ലിറ്ററിന് വില 100.05 രൂപ. പ്രീമിയം ഡീസലിന് 103.72 രൂപ. ശനിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 23 പൈസയും വർധിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഇടവേള കഴിഞ്ഞ്, മെയ് നാലിനുശേഷമുള്ള 23–-ാമത് വർധനയാണിത്. ഫെബ്രുവരി പകുതിയിൽ പെട്രോൾ ആദ്യം നൂറുരൂപയിലെത്തിയതും രാജസ്ഥാനിലാണ്. ശ്രീഗംഗാനഗറിൽ ശനിയാഴ്ച വില 107.22 രൂപ. പ്രീമിയം പെട്രോളിന് 110.50 രൂപയായി. രാജസ്ഥാനാണ് ഏറ്റവും കൂടുതൽ മൂല്യ വർധിത നികുതി (വാറ്റ്) ഈടാക്കുന്ന സംസ്ഥാനം.
പെട്രോൾ വില 98 കടന്നു
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 98.10 രൂപയും ഡീസലിന് 93.43 രൂപയുമായി. കൊച്ചിയിൽ യഥാക്രമം 96.22 രൂപയും 91.66 രൂപയും കോഴിക്കോട്ട് 96.53, 91.98 രൂപയുമാണ് വില. ആറുദിവസംമുമ്പ് സെഞ്ചുറി കടന്ന പ്രീമിയം പെട്രോൾവിലയും കൂട്ടി. തിരുവനന്തപുരത്ത് 101.48 രൂപയും കാസർകോട്ട് 100.72 രൂപയുമായി.