ന്യൂഡൽഹി
ഇന്ധനങ്ങൾക്ക് ഏറ്റവും ഉയർന്ന വിൽപ്പന നികുതി കേരളത്തിലാണെന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം പ്രചാരണം പച്ചക്കള്ളം. പെട്രോളിന്റെ സംസ്ഥാനനികുതി രാജസ്ഥാനിൽ 36 ശതമാനമാണ്. മഹാരാഷ്ട്രയിൽ 38.11 ശതമാനവും (മുംബൈയിലും താനെയിലും 39.12) പഞ്ചാബിൽ 35.12 ശതമാനവും. കേരളത്തിൽ 30.08 ശതമാനം.
രാജസ്ഥാനിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആഴ്ചകൾക്കുമുമ്പേ സാധാരണ പെട്രോൾ വില നൂറ് കടന്നു.
രാജസ്ഥാനിൽ 2019ൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 30 ശതമാനവും ഡീസലിന് 22 ശതമാനവുമായിരുന്നു നികുതി. കഴിഞ്ഞവർഷം മാർച്ചിൽ ഇവ യഥാക്രമം 34, 26 വീതം ശതമാനമായി കൂട്ടി. ഏപ്രിലിൽ 36, 27 വീതവും മേയിൽ 38, 28 വീതവുമാക്കി. ഇക്കൊല്ലം ജനുവരിയിൽ രണ്ട് ശതമാനം വീതം കുറച്ചു. അങ്ങനെ പെട്രോളിന് 36 ശതമാനവും ഡീസലിന് 26 ശതമാനവുമായി. കേരളത്തിൽ ഡീസലിന് സംസ്ഥാന നികുതി 22.76 ശതമാനംമാത്രം. കേരളത്തിൽ 2018ൽ പെട്രോളിനും ഡീസലിനും ഒരു ശതമാനം വീതം നികുതി കുറച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ നികുതി കേരളത്തിലാണ്. ആന്ധ്രപ്രദേശ്–-35.77, തെലങ്കാന–-32.16, തമിഴ്നാട്–-32.16, കർണാടക–-35 വീതം ശതമാനമാണ് പെട്രോളിന് സംസ്ഥാന നികുതി. ഡീസലിന് യഥാക്രമം 28.08, 26.01, 24.08, 24 ശതമാനവും.
വിലനിയന്ത്രണം
ഉപേക്ഷിച്ചത് രണ്ടാം യുപിഎ
സബ്സിഡി ചെലവ് വർധിക്കുന്നുവെന്ന പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കേന്ദ്രം ഉപേക്ഷിക്കാനുള്ള നയം അംഗീകരിച്ചത് 2010ൽ രണ്ടാം യുപിഎ സർക്കാര്. കേരളത്തിൽനിന്ന് അര ഡസനിലേറെ കേന്ദ്രമന്ത്രിമാര് ഉണ്ടായിരുന്നപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഇതിനെ എതിർത്ത ഇടതുപക്ഷത്തെ അന്ന് കോൺഗ്രസ് പരിഹസിച്ചു. 2014ൽ മോഡിസർക്കാർ ഡീസല് വില നിർണയവും കമ്പനികൾക്ക് വിട്ടു.