ന്യൂഡൽഹി> കോവിഡ് പ്രതിരോധ സമഗ്രഹികളുടേയും മരുന്നുകളുടേയും സേവനത്തിന്റെയും നികുതികളിൽ ജിഎസ്ടി കൗൺസിൽ ഇളവ് വരുത്തി . കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നികുതിയിൽ മാറ്റം വരുത്തിയത്. പൾസ് ഓക്സിമീറ്റർ, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റ് തുടങ്ങിയ പ്രതിരോധ സാമഗ്രികളുടെ നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന്റെ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു.
അതേസമയം കോവിഡ് പ്രതിരോധ വാക്സിനുള്ള ജിഎസ്ടിയിൽ മാറ്റമില്ല. മുൻനിശ്ചയിച്ച അഞ്ച് ശതമാനം നികുതി വാക്സിന് നൽകേണ്ടിവരും . ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് തത്കാലം നികുതിയുണ്ടാവില്ല.
കോവിഡ് പ്രതിരോധസാമഗ്രഹികൾക്ക് ഏർപ്പെടുത്തിയ നികുതി സെപ്തംബർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്നും ധനമന്ത്രി വ്യക്തമാക്കി. വൈദ്യ ആവശ്യത്തിനുള്ള ഓക്സിജന് 5 ശതമാനം നികുതിയുണ്ടാവും. സാനിറ്റൈസർ, പിപിഇ കിറ്റുകൾ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.
സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്സീന്റെ നികുതി കുറയ്ക്കണമെന്ന് കേരളം ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടു. ആർടിപിസിആർ മെഷീന്റെ നികുതിയും കുറച്ചിട്ടില്ലെന്നും മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നികുതിയെടുത്ത് കളയണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.