കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ നിർണായക വഴിത്തിരിവ്. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ലഭിച്ച പണത്തിൽ ഒരുലക്ഷം രൂപ പോലീസ് കണ്ടെത്തി.
നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കാൻതനിക്ക് ബി.ജെ.പി.രണ്ടരലക്ഷം രൂപയും ഫോണും നൽകിയെന്നായിരുന്നു സുന്ദര പോലീസിന് മൊഴി നൽകിയിരുന്നത്. ഇതിൽഒരുലക്ഷം രൂപയുടെ കാര്യത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.
ഒരുലക്ഷം രൂപ സൂക്ഷിക്കാൻ സുഹൃത്തിനെ ഏൽപിച്ചിരുന്നെന്നാണ് സുന്ദര മൊഴി നൽകിയിരുന്നത്. ഈ പണം സുന്ദരയുടെ സുഹൃത്ത് ബാങ്കിൽ നിക്ഷേപിച്ചു. ഈ പണത്തെ കുറിച്ചുള്ള വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ബാങ്ക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒന്നരലക്ഷം ചെലവായിപ്പോയെന്നാണ് സുന്ദര പറയുന്നത്.
സുന്ദരയ്ക്ക് ഫോൺ വാങ്ങി നൽകിയ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇന്നലെ പോലീസ് പരിശോധിച്ചിരുന്നു. ആരാണ് ഫോൺ വാങ്ങിയത് തുടങ്ങിയ വിവരങ്ങൾഅറിയാൻ കടയിലെ ആളുകളുടെ മൊഴി ആവശ്യമുണ്ട്. ഇതിന്റെ ഭാഗമായാണ് അന്വേഷണസംഘം മൊബെൽ കടയിലെത്തിയത്. ഇടപാടുമായി ബന്ധപ്പെട്ട് സുന്ദരയുടെ വീട്ടിലെത്തിയ മൂന്ന് ബി.ജെ.പി. പ്രവർത്തകരെയാണ് ഇനി ചോദ്യം ചെയ്യാനും വിശദാംശങ്ങൾ ആരായാനുമുള്ളത്.
content highlights:manjeswaram bribery case: one lakh rupee recovered