കൽപ്പറ്റ: ഇക്കോ ടെററിസ്റ്റ് എന്ന് പരിസ്ഥിതിസ്നേഹികൾ വിശേഷിപ്പിക്കുന്ന വനംവകുപ്പുദ്യോഗസ്ഥനായ പി. ധനേഷ്കുമാർ വർഷങ്ങളായി കേരളത്തിലെ ചന്ദനക്കടത്ത്, നായാട്ടുസംഘങ്ങളുടെ കണ്ണിലെ കരടാണ്. നഷ്ടപ്പെട്ടുപോയ 7500 ഏക്കറിലധികം വനഭൂമിയാണ് ധനേഷ്കുമാറിന്റെ ഇടപെടലിലൂടെ കേരളത്തിൽ വനംവകുപ്പ് തിരികെപ്പിടിച്ചത്. നാലായിരത്തോളം ഏക്കർ വനഭൂമി പിടിച്ചെടുക്കൽനടപടികൾ പുരോഗമിക്കുകയാണ്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സ്വകാര്യവനഭൂമികളുമാണ് നെന്മാറ ഡി.എഫ്.ഒ. ആയിരിക്കേ ധനേഷ് ഇടപെട്ട് പിടിച്ചെടുത്തത്. ഇതിന് 2011-ൽ സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രിയും 2012-ൽ സാങ്ച്വറി ഏഷ്യ പുരസ്കാരവും ലഭിച്ചു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്കാരവും അദ്ദേഹം നേടി.
മറയൂർ, കണ്ണവം, ചാലക്കുടി, തുടങ്ങിയസ്ഥലങ്ങളിൽ വനം കൊള്ളക്കാർക്കും വേട്ടക്കാർക്കുമെതിരായ നടപടികൾ ഏറെശ്രദ്ധനേടി. നെല്ലിയാമ്പതിയിലെ ആനവേട്ട, അട്ടപ്പാടിയിലെ കഞ്ചാവുമാഫിയ, വയനാട്ടിലെ കടുവവേട്ട സംഘങ്ങളെ പിടികൂടി. മറയൂർ റെയ്ഞ്ച് ഓഫീസറായിരിക്കെ ചന്ദനക്കൊള്ള പിടികൂടിയതിന് 2006-ൽ സർക്കാർ സ്വർണമെഡൽ നൽകി ആദരിച്ചു. ചാലക്കുടിയിൽ അന്തഃസംസ്ഥാനവേട്ടക്കാരെ പിടിച്ചതിന് ദേശീയ ടൈഗർപ്രൊട്ടക്ഷൻ അവാർഡ് നേടി.
2000-ത്തിൽ കണ്ണൂർ കണ്ണവം റെയ്ഞ്ച് ഓഫീസറായിരിക്കെ മരംമുറി തടയാൻ നടപടിയെടുത്തതോടെ കിട്ടിയ സ്ഥലമാറ്റമുൾപ്പെടെ വനംമാഫിയകളുടെ ഇടപെടലുകളെത്തുടർന്ന് പത്തുവർഷത്തിനിടെ എട്ടു സ്ഥലംമാറ്റവും ധനേഷ്കുമാറിന് കിട്ടി. ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. ആയിരിക്കേയാണ് വയനാട്ടിൽ ഈട്ടിമരംകൊള്ള തടയാൻ നടപടിയെടുത്തത്. ധനേഷ്കുമാറിനോടുള്ള ആദരസൂചകമായാണ് പശ്ചിമഘട്ടത്തിലെ സസ്യങ്ങൾക്ക് സിസിജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെ പേരിട്ടത്.