ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ ഉൾപ്പെടുന്ന അന്വേഷണ സംഘത്തിൻ്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിന്. കോടിക്കണക്കിന് രൂപയുടെ മരം മുറി നടന്ന സ്ഥലത്ത് അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സംഭവത്തിൽ വയനാട് കളക്‌ടർ സർക്കാരിന് മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നു. ഡിസംബറിൽ കളക്‌ടർ സർക്കാരിന് നൽകിയ കത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. സർക്കാർ ഉത്തരവിൻ്റെ മറവിൽ പ്രദേശത്ത് വ്യാപക മരം മുറി നടക്കുന്നതായി വ്യക്തമാക്കി ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് കളക്‌ടർ കത്ത് നൽകിയത്.
മരം മുറിച്ച് കടത്തിയ സംഭവത്തിൽ ഗൂഡാലോചന നടന്നുവെന്ന സർക്കാർ സംശയിക്കുന്നതായി സർക്കാർ വ്യക്തമാക്കുന്നുണ്ട്. മുട്ടിൽ മരംമുറിക്കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിജിലൻസ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന ഉന്നതതല സംഘമാണ് അന്വേഷണം നടത്തുക.
മരം മുറിക്കാനായി അനുമതി തേടിയ ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും എന്നാൽ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പലയിടത്തും അനധികൃതമായി മരം മുറിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ ആരോപണം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.