സുൽത്താൻബത്തേരി: എൻ.ഡി.എ.യിൽ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പണം നൽകിയെന്ന ജെ.ആർ.പി. ട്രഷറർ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും ശബ്ദരേഖ.
പണംനൽകാൻ ഹോട്ടൽമുറിയിലെത്തുന്നതിനുമുമ്പ് പ്രസീതയും കെ. സുരേന്ദ്രനും ഫോണിൽ സംസാരിക്കുന്നതെന്ന് കരുതുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗിൽവെച്ചിട്ട് ഇന്നലെമുതൽ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ് – എന്നാണ് ശബ്ദരേഖയിലുള്ളത്.
ഏഴിന് രാവിലെ സുരേന്ദ്രനെ ഫോണിൽ വിളിച്ചപ്പോൾ പണം നൽകുന്നതിനെക്കുറിച്ച് ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോയെന്ന് സുരേന്ദ്രൻ ചോദിച്ചതായും പ്രസീത ആരോപിക്കുന്നു. കൃഷ്ണദാസ് പലതവണ ജാനുവിനെ വിളിച്ചെങ്കിലും എൻ.ഡി.എ.യിലേക്ക് തിരിച്ചുവരാൻ അവർ താത്പര്യം പ്രകടിപ്പിച്ചില്ല.
മുസ്ലിം ലീഗിൽനിന്ന് ഓഫർ ലഭിച്ചതിനാലാണ് അവർ ക്ഷണം നിരസിച്ചതെന്നും, താനടക്കമുള്ള നേതാക്കളുമായി ഇടപെട്ടാണ് സുരേന്ദ്രൻ ജാനുവിനെ എൻ.ഡി.എ.യിലെത്തിച്ചതെന്നും പ്രസീത പറഞ്ഞു. ജാനു പാർട്ടിയെ തള്ളിപ്പറഞ്ഞതിനാലും ഘടകക്ഷിയായ തങ്ങളെ കെ. സുരേന്ദ്രൻ അവഗണിച്ചതിനാലുമാണ് ഈ തുറന്നുപറച്ചിലെന്ന് പ്രസീത പറയുന്നു.