കൊച്ചി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർകടത്തുകേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വ്യാജതെളിവുണ്ടാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി കെ മോഹനൻ ജുഡീഷ്യൽ കമീഷൻ പ്രവർത്തനം ആരംഭിച്ചു. അറിവുള്ളവരും തെളിവുനൽകാൻ കഴിയുന്നവരും 26നകം വിവരം അറിയിക്കണമെന്ന് കമീഷൻ വിജ്ഞാപനം ഇറക്കി.
സത്യവാങ്മൂലം, പത്രിക, നിർദേശങ്ങൾ എന്നിവ നൽകുന്ന വ്യക്തികൾ ആശ്രയിക്കാൻ ഉദ്ദേശിക്കുന്ന രേഖകളുടെയും വിസ്തരിക്കാൻ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശം നൽകണം. അന്വേഷണത്തിൽ കക്ഷിചേരുന്ന വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർക്കും നേരിട്ടോ അഭിഭാഷകർ മുഖേനയോ 26 വരെ അപേക്ഷ നൽകാം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴിനൽകാൻ സ്വർണകടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുംമേൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയത്, സമ്മർദം ചെലുത്തിയെങ്കിൽ ആരൊക്കെ, ഗൂഢാലോചനയുണ്ടോ തുടങ്ങിയ അഞ്ച് പ്രധാന കാര്യങ്ങളാണ് അന്വേഷിക്കുക. ആസ്ഥാനം എറണാകുളമാണ്. എറണാകുളത്തും കൊല്ലത്തും സിറ്റിങ് നടത്തും.
അന്വേഷണ വിഷയങ്ങൾ:
1) മുഖ്യമന്ത്രിയെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് പറയുന്ന ശബ്ദശകലത്തിന്റെ വസ്തുത.
2) മന്ത്രിസഭാംഗങ്ങളെയും നിയമസഭാ സ്പീക്കറെയും പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി സന്ദീപ് നായർ എറണാകുളം സെഷൻസ് ജഡ്ജിക്ക് എഴുതിയ മാർച്ച് അഞ്ചിലെ കത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും.
3) ഈ കത്തിലെയും ശബ്ദശകലത്തിലെയും ഉള്ളടക്കം, അതിലേക്ക് നയിച്ച സാഹചര്യം, വസ്തുത, സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ക്രിമിനൽ കുറ്റങ്ങളിൽ തെറ്റായി പ്രതിചേർക്കുന്നതിന് നടത്തിയ ഗൂഢാലോചന.
4) ഗൂഢാലോചന കണ്ടെത്തിയാൽ, അതിന്റെ ഭാഗമായ വ്യക്തികളെ കണ്ടെത്തുക.
5) ഇതുമായി ബന്ധപ്പെട്ടതോ ഭാഗമായതോ ആകസ്മികമായി ഉൽഭവിക്കുന്നതോ ആയി കമീഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന വസ്തുതകൾ.