കാസർകോട്
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കെ സുന്ദരയുടെ അമ്മയുടെ മൊഴി. മഞ്ചേശ്വരം മണ്ഡലത്തിലെ മകന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ തന്റെ കൈയിൽ രണ്ടര ലക്ഷം രൂപ നൽകിയതായി സുന്ദരയുടെ അമ്മ ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴിനൽകി. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന, അമ്മയുടെ സഹോദരീപുത്രന്റെയും മൊഴിയെടുത്തു.
പണം തന്നിട്ടില്ലെന്ന് പറയിപ്പിക്കാൻ സുന്ദരയുടെ അമ്മയെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ഷേണിയിലെ ബന്ധു വീട്ടിൽ സുന്ദരയ്ക്കൊപ്പമാണ് അമ്മയുള്ളത്. തട്ടിക്കൊണ്ടുപോയി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും തന്നുമാണ് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന് സുന്ദരയും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.
സുന്ദരയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകിയ മായിപ്പാടി കുതിരപ്പാടിയിലെ ബിജെപി പ്രവർത്തകനെ അന്വേഷകസംഘം തിരിച്ചറിഞ്ഞു. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം നീർച്ചാലിലെ ‘3 ജി പോയിന്റിൽ’നിന്നാണ് ഫോൺ വാങ്ങിയത്. ഈ ദൃശ്യങ്ങൾ പരിസരത്തെ സിസിടിവികളിൽനിന്ന് ലഭിച്ചു. ഇയാളെയും ചോദ്യം ചെയ്യും.
സുന്ദര, അമ്മ, ബന്ധു എന്നിവരുടെ മൊഴിപ്രകാരം തട്ടികൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്യും.
സുരേന്ദ്രനൊപ്പം ബിജെപി നേതാക്കളായ സുനിൽ നായിക്, സുരേഷ് നായിക്, അശോക്ഷെട്ടി എന്നിവരും പ്രതികളാകും.