കൊച്ചി
കൊച്ചിയിൽ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതിയെ പീഡിപ്പിച്ച മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ തെളിവെടുത്തശേഷമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ച പ്രതിയെ ഉച്ചയോടെ വൈദ്യപരിശോധന നടത്തിയശേഷം വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.
തിങ്കളാഴ്ച പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇയാൾ ഒളിവിൽ താമസിച്ച മറ്റു ഫ്ലാറ്റുകളിലും തെളിവെടുക്കും. മറ്റൊരു യുവതികൂടി പരാതി നൽകിയ സ്ഥിതിക്ക് കൂടുതൽപേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കും.
തൃശൂർ അയ്യംകുന്നത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽനിന്നാണ് മാർട്ടിൻ ജോസഫിനെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മാർട്ടിന്റെ ജീവിതരീതിയും വരുമാനമാർഗവും ദുരൂഹമാണ്. മറൈൻഡ്രൈവിലെ മാസം 43,000 രൂപ വാടക വരുന്ന ആഡംബര ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.
മാർട്ടിന്റെ ജീവിതരീതി, വരുമാനമാർഗം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചും അന്വേഷിക്കും. കഴിഞ്ഞദിവസം അറസ്റ്റിലായ തൃശൂർ പാവറട്ടി വെൺമനാട് പറക്കാട്ട് ധനീഷ് (29), പുത്തൂർ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി (28) എന്നിവർക്കെതിരെ പ്രതിയെ സഹായിച്ച കുറ്റം ചുമത്തി. ശ്രീരാഗ് നേരത്തേ കഞ്ചാവുകേസിലും പ്രതിയാണ്. മാർട്ടിൻ ജോസഫ് രക്ഷപ്പെടാൻ ശ്രമിച്ച സ്വിഫ്റ്റ് കാർ, ബിഎംഡബ്ല്യു കാർ, ബൈക്കുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ
തള്ളി, അറസ്റ്റിൽ
തെറ്റില്ലെന്ന് കോടതി
ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. മുൻകൂർ ജാമ്യഹർജി പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റുചെയ്ത പൊലീസ് കോടതിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിഭാഗം ആരോപിച്ചപ്പോഴാണ് കോടതിയുടെ പരാമർശം.അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി മാർട്ടിൻ ജോസഫിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.