ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ അവസാനവർഷ പരീക്ഷ ഒഴിവാക്കണമെന്ന മെഡിക്കൽ പിജി വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രത്തിനും നാഷണൽ മെഡിക്കൽ കമീഷനും നോട്ടീസ് അയച്ചു. പരീക്ഷ ഒഴിവാക്കി ഇന്റേണൽ ഇവാല്യൂഷന് പ്രകാരം ഫലം പ്രഖ്യാപിക്കണമെന്ന് പിജി വിദ്യാർഥികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടു. നയപരമായ വിഷയമാണെന്നും കോടതി ഇടപെടലിന് പരിമിതി ഉണ്ടെന്നും ജസ്റ്റിസ് ഇന്ദിരാബാനർജി നിരീക്ഷിച്ചു.
അതേസമയം, എയിംസ്, നിംഹാൻസ്, ജിപ്മെർ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ മെഡിക്കൽ പിജി പ്രവേശനത്തിന് നടത്താറുള്ള ഐഎൻഐ–-സിഇടി പരീക്ഷകൾ ഒരുമാസത്തേക്ക് നീട്ടാന് സുപ്രീംകോടതി ഉത്തരവിട്ടു. നീറ്റ് പരീക്ഷ പോലും മാറ്റിവച്ച സാഹചര്യത്തിൽ ഐഎൻഐ–-സിഇടി പരീക്ഷകൾ തിടുക്കത്തിൽ നടത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. 23 ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫയൽ ചെയ്ത ഹർജികളിലാണ് ഇടപെടൽ. കോവിഡ് സാഹചര്യം നേരിടാൻ വിദേശരാജ്യങ്ങളിൽനിന്നും മെഡിക്കൽ ബിരുദം നേടിയവരെയും ആശുപത്രികളിൽ നിയമിക്കണമെന്ന ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.