സാവോപോളോ
ആശങ്കകളും അനിശ്ചിതത്വവും അവസാനിച്ചു. യൂറോ, യൂറോപ്പിൽ കളം വരയ്ക്കുമ്പോൾ ലാറ്റിനമേരിക്കയിൽ ഇനി കോപ കാലമാണ്. ലയണൽ മെസിയും നെയ്മറും ലൂയിസ് സുവാരസുമെല്ലാം ഭൂഗോളത്തിന്റെ ഒരുഭാഗം കളിയഴകിന്റെ അരങ്ങിനായി ഒരുക്കിത്തരുന്നു.
യൂറോയ്ക്കൊപ്പം ഇനി കോപയും നുണയാം. വേദി അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രസീലാണ് ആതിഥേയരായത്. കൊളംബിയക്ക് ആഭ്യന്തരപ്രശ്നങ്ങൾ തിരിച്ചടിയായപ്പോൾ കോവിഡ് കേസുകളുടെ എണ്ണമാണ് അർജന്റീനയുടെ വേദി നഷ്ടമാക്കിയത്. ബ്രസീലിലും എതിർപ്പുകളുണ്ടായി. ഒടുവിൽ കളിക്കാർ സമ്മതിക്കുകയായിരുന്നു.
പതിനാലിന് പുലർച്ചെ 2.30ന് ബ്രസീലും വെനസ്വേലയും തമ്മിലാണ് ആദ്യ കളി.
ബ്രസീലും അർജന്റീനയും ടീമുകളെ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തുടർജയങ്ങളുമായി ബ്രസീൽ ഒരു ചുവട് മുന്നിലെത്തി. അർജന്റീന കിതച്ചു. ഉറുഗ്വേ, ചിലി, കൊളംബിയ, പരാഗ്വേ ടീമുകളൊന്നും പ്രഭാവത്തിലല്ല. പെറുവും ഇക്വഡോറും അട്ടിമറി പ്രതീക്ഷകളിൽ നിൽക്കുന്നു. വെനസ്വേലയക്കും ബൊളീവിയക്കും അമിതാഗ്രഹങ്ങളില്ല.
കോപയിൽ കളി മാറുമെന്ന് പറയുന്ന പരിശീലകൻ ലയണൽ സ്കലോണി അർജന്റീന ടീമിനെയും പ്രഖ്യാപിച്ചു. മെസിയാണ് ക്യാപ്റ്റൻ. കിരീട വരൾച്ചയിൽ ഉഴറുന്ന അർജന്റീനയ്ക്ക് ഈ കോപയിലെങ്കിലും തെളിയണം.
നിലവിലെ ചാമ്പ്യൻമാരായ ബ്രസീലാണ് സാധ്യതയിൽ മുമ്പിൽ. മെസിയുടെ മൂർച്ചയിലാണ് അർജന്റീനയുടെ സാധ്യതകൾ. 1993നുശേഷം ഒരു രാജ്യാന്തര കിരീടം അർജന്റീനയ്ക്കില്ല. മെസിയുടെ നല്ലകാലവും അവസാനിക്കുകയാണ്. ഇരുപത്താറംഗ ടീമിനെയാണ് സ്കലോണി പ്രഖ്യാപിച്ചത്. പ്രതിരോധക്കാരൻ യുവാൻ ഫോയ്ത്തും മുന്നേറ്റക്കാരൻ ലൂക്കാസ് ഒക്കാമ്പോസുമാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനികൾ. ക്രിസ്റ്റ്യൻ റൊമേറോയും നഹുവേൽ മൊളീന ലുസേറോയും ടീമിലെത്തി. 15ന് പുലർച്ചെ 2.30ന് ചിലിയുമായാണ് അർജന്റീനയുടെ ആദ്യ മത്സരം.
ഗോൾ കീപ്പർമാർ–- ഫ്രാങ്കോ അർമാണി, എമിലിയാനോ മാർട്ടിനെസ്, അഗസ്റ്റിൻ മാർച്ചെസിൻ, യുവാൻ മുസോ.പ്രതിരോധം–- ഗൊൺസാലോ മോണ്ടിയെൽ, നിക്കോളാസ് ഒട്ടമെൻഡി, ജെർമൻ പസെല്ല, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, നിക്കോളാസ് താഗ്ലിയാഫിക്കോ, ലിസാൻഡ്രോ മാർട്ടിനെസ്, മാർകോസ് അക്യൂന, ക്രിസ്റ്റ്യൻ റൊമേറോ, നഹുവേൽ മൊളീന ലുസേറോ.
മധ്യനിര–- ലിയാൻഡ്രോ പരേദെസ്, ഏയ്ഞ്ചൽ ഡി മരിയ, ഗുയ്ദോ റോഡ്രിഗസ്, ജിയോവാനി ലൊ സെൽസോ, എസ്ക്വിയേൽ പലാസിയോസ്, നിക്കോളാസ് ഗൊൺസാലസ്, റോഡ്രിഗോ ഡി പോൾ, അലെസാൻഡ്രോ ഗോമെസ്, ഏയ്ഞ്ചൽ കൊറിയ, നിക്കോളാസ് ഡൊമിൻഗ്വിസ്. മുന്നേറ്റം–- ലയണൽ മെസി, ലൗതാരോ മാർട്ടിനെസ്, ജോവാക്വിൻ കൊറിയ, ലൂകാസ് അലാറിയോ, സെർജിയോ അഗ്വേറോ.