പാനൂർ
കോൺഗ്രസും ബിജെപിയും ജനങ്ങളിൽനിന്ന് കൂടുതൽ ഒറ്റപ്പെടുകയാണെന്നും ഇടതുപക്ഷത്തിലാണ് നാടിന്റെ പ്രതീക്ഷയെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങൾ അർപ്പിച്ച പ്രതീക്ഷയും വിശ്വാസവും കാത്തുസൂക്ഷിക്കണം. കോവിഡിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസം പകരുകയെന്നതാണ് ഈ കാലഘട്ടത്തിൻെറ ഉത്തരവാദിത്തം. സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻെറ ഒന്നാം ചരമവാർഷികദിനത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദിവസേന പെട്രോൾ, -ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണമാണ് കേന്ദ്രത്തിലുള്ളത്. കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാനും ബിജെപി സർക്കാരിന് സാധിക്കുന്നില്ല. സുപ്രിംകോടതിക്കുപോലും കേന്ദ്രനയത്തെ വിമർശിക്കേണ്ടിവന്നു. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് ബിജെപി ഒഴുക്കിയ കള്ളപ്പണം അവർതന്നെ കൊള്ളയടിച്ചു.
യുഡിഎഫ് ഭരണകൂടഭീകരതയുടെ രക്തസാക്ഷിയാണ് പി കെ കുഞ്ഞനന്തനെന്ന് കോടിയേരി അനുസ്മരിച്ചു. ഉമ്മൻചാണ്ടി സർക്കാർ കള്ളക്കേസിൽപെടുത്തി അറസ്റ്റു ചെയ്ത് ജയിലിലടച്ച് പീഡിപ്പിക്കുകയായിരുന്നു. എല്ലാവർക്കും പ്രിയങ്കരനായ ധീരനായ കമ്യൂണിസ്റ്റ് പടയാളിയായിരുന്നു കുഞ്ഞനന്തനെന്നും കോടിയേരി പറഞ്ഞു.