ആംസ്റ്റർഡാം
യൂറോപ്യൻ ഫുട്ബോളിൽ സ്വന്തം മേൽവിലാസം എഴുതിച്ചേർത്ത് നോർത്ത് മാസിഡോണിയയും ഫിൻലൻഡും. ഈ യൂറോ കപ്പ് ഇരു രാജ്യങ്ങൾക്കും അരങ്ങേറ്റമാണ്. ആദ്യ പ്രധാന ടൂർണമെന്റ്. പ്ലേ ഓഫിൽ ജോർജിയയെ വീഴ്ത്തിയാണ് മാസിഡോണിയ ചരിത്രത്തിന്റെ പന്തുതട്ടാനെത്തുന്നത്. ഫിൻലൻഡാകട്ടെ ഇറ്റലി ഉൾപ്പെട്ട യോഗ്യതാ റൗണ്ടിൽ രണ്ടാമൻമാരായി ഇടംപിടിച്ചു.
കുഞ്ഞൻ രാജ്യങ്ങളാണ് നോർത്ത് മാസിഡോണിയയും ഫിൻലൻഡും. മാസിഡോണിയയിൽ 21 ലക്ഷവും ഫിൻലൻഡിൽ 56 ലക്ഷവുമാണ് ജനസംഖ്യ. തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയ 1991ലാണ് രൂപീകരിക്കപ്പെട്ടത്. അതുവരെ സോവിയറ്റ് യൂണിയനുകീഴിലുള്ള യുഗോസ്ലാവിയയുടെ ഭാഗമായിരുന്നു മാസിഡോണിയ.
ഫുട്ബോളിൽ എടുത്തുകാണിക്കാൻ ഒന്നുമുണ്ടായിരുന്നില്ല അവർക്ക്. അഭിമാനിക്കാൻ പറ്റിയ പാരമ്പര്യം ഒന്നുമുണ്ടായില്ല. 2002ലും 2004ലും ഇംഗ്ലണ്ടിനെയും നെതർലൻഡ്സിനെയും സമനിലയിൽ തളച്ചതായിരുന്നു വാഴ്ത്തിപ്പാടാനുള്ള മുഹൂർത്തങ്ങൾ. അഞ്ച് കൊല്ലംമുന്നേ ഫിഫയുടെ 2–00 അംഗ റാങ്കിങ്ങിൽ 162–-ാമതായിരുന്നു മാസിഡോണിയക്കാർ. നിലവിൽ 62–-ാമത്. ക്യാപ്റ്റൻ ഗൊരാൻ പാൻഡേവാണ് ടീമിന്റെ ആത്മാവ്. 20 വർഷമായി ഈ മുപ്പത്തേഴുകാരൻ ദേശീയ ടീമിന്റെ കുപ്പായമണിയുന്നു. അവരുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. 118 കളിയിൽ 37 ഗോൾ. ജോർജിയക്കെതിരായ പ്ലേ ഓഫിലെ ചരിത്രത്തിലേക്കുള്ള വിജയഗോളും പാൻഡേവിന്റെ കാലുകളിലൂടെയായിരുന്നു. ഇഗർ ഏഞ്ചലോവ്സ്കിയാണ് പരിശീലകൻ. ഗ്രൂപ്പ് സിയിൽ നാളെ ഓസ്ട്രിയക്കെതിരെയാണ് ആദ്യ കളി.
1997ലെ ലോകകപ്പ് പ്ലേ ഓഫിൽ വീണതിന്റെ നോവും പേറിയാണ് ഫിൻലൻഡ് ഫുട്ബോൾ ഇത്രയുംകാലം കഴിഞ്ഞത്. എന്നാൽ യൂറോ യോഗ്യതയോടെ ദ്വീപുകളുടെ രാജ്യം ആഘോഷിച്ചു. നോർവിച്ച് സിറ്റി മുന്നേറ്റക്കാരൻ ടീമു പുക്കിയാണ് പ്രധാന താരം.