സെന്റ് പീറ്റേഴ്സ്ബർഗ്
വീണ്ടും ബൽജിയമെത്തുന്നു. പാതിവഴിയിൽ വീഴില്ലെന്ന ആത്മവിശ്വാസത്തോടെ. പോയകാലത്തെ പ്രധാന ടൂർണമെന്റുകളിലെല്ലാം കിരീടത്തിന് കൈയകലത്ത് എത്തിയിരുന്നു ബൽജിയം. 2014 ബ്രസീൽ ലോകകപ്പിലും കഴിഞ്ഞ യൂറോയിലും ക്വാർട്ടറിൽ, 2018 റഷ്യൻ ലോകപ്പിൽ മൂന്നാംസ്ഥാനം. പക്ഷേ, തുടക്കംകാട്ടുന്ന വീര്യം അന്ത്യത്തിൽ ചോർന്നുപോകും. ഇത്തവണയും കന്നി കിരീടത്തിൽ കണ്ണിട്ടാണ് റോബെർടോ മാർടിനെസിനുകീഴിൽ ബൽജിയം എത്തുന്നത്. ഏദെൻ ഹസാർഡ്, കെവിൻ ഡി ബ്രയ്ൻ, റൊമേലു ലുക്കാക്കു, തിബൗ കുർടോ തുടങ്ങി വമ്പൻ പേരുകാരുമായാണ് ലോക ഒന്നാംനമ്പർ ടീമെത്തുന്നത്.
കരുത്തരായ റഷ്യയാണ് ആദ്യ കളിയിൽ ബൽജിയത്തിന്റെ എതിരാളി. സ്വന്തംതട്ടകമായ സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ റഷ്യക്ക് ബലം കൂടും. കളത്തിലെ സ്ഥിരതയാണ് ബൽജിയത്തിന്റെ മേന്മ. വേഗതയുള്ള കളി. പരിശീലകന്റെ തന്ത്രങ്ങൾ അതേപടി ആവിഷ്കരിക്കാൻ ഉതകുന്ന മികച്ച കളിക്കാരും. മധ്യനിരയിൽ ഡി ബ്രയ്ന്റെ മാന്ത്രികനീക്കങ്ങൾക്ക് ഹസാർഡും ലുക്കാക്കുവും ജീവൻ നൽകും.
യൂറി ടിയലമെൻസും യാനിക് കറാസ്കോയും കളി മെനയാനുണ്ട്. പ്രതിരോധത്തിൽ പക്ഷേ അത്രയ്ക്കുറപ്പില്ല. ടോബി ആൽഡർവീൽഡിനെയും യാൻ വെർടോഗനെയും എത്രത്തോളം ആശ്രയിക്കാം എന്നതിനെ അനുസരിച്ചാകും ബൽജിയത്തിന്റെ മുന്നേറ്റം.
സ്റ്റാനിസ്ലാവ് ചെർചെസേവിനുകീഴിൽ ഇറങ്ങുന്ന റഷ്യ ചില്ലറക്കാരല്ല. ഗോളടിക്കാരൻ അർടെം സ്യൂബയിലാണ് അവരുടെ പ്രതീക്ഷകൾ. പ്രത്യാക്രമണ ശൈലിയാണ് ആവിഷ്കരിക്കാറ്. യോഗ്യതാ റൗണ്ടിൽ ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. നേരിട്ട രണ്ട് കളിയിലും ബൽജിയം ജയം നേടി.