ലിമ
വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പെറുവിൽ ഇടതുപക്ഷത്തിന് ഉജ്വലവിജയം. സോഷ്യലിസ്റ്റ് സ്ഥാനാർഥി പെദ്രോ കാസ്തിയ്യോ വിജയിച്ചു. നിരക്ഷര കർഷക ദമ്പതികളുടെ മകനായ പ്രൈമറി സ്കുൾ അധ്യാപകൻ രാജ്യത്തിന് പുതുദിശ നൽകും. വലതുപക്ഷ ദുർഭരണത്തിൽ പ്രതിസന്ധിയിലായ പെറുവിനെ അടിമുടി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ജനപിന്തുണ തേടിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം കാസ്തിയ്യോ 50.2 ശതമാനം വോട്ടും എതിർ സ്ഥാനാർഥി കെയ്കോ ഫ്യുജിമോറി 49.8ശതമാനവും വോട്ട് നേടി. അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഇരുസ്ഥാനാർഥികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ അവസാനം വോട്ടെണ്ണിയ ഗ്രാമീണ മേഖലയിൽ കാസ്തിയ്യോയ്ക്ക് വലിയ പിന്തുണ ലഭിച്ചു.
ഭരണഘടന മാറ്റിയെഴുതുമെന്നും ഖനന സമ്പത്ത് പുനർവിതരണം ചെയ്യുമെന്നും പ്രചാരണത്തിനിടെ കാസ്തിയ്യോ പറഞ്ഞിരുന്നു. ‘ജനങ്ങൾ ഉണർന്നിരുന്നു’ എന്നായിരുന്നു വിജയം ഉറപ്പിച്ചപ്പോൾ കാസ്തിയ്യോയുടെ പ്രതികരണം. ഡോണൾഡ് ട്രംപ് അടക്കം ചില വലതുപക്ഷ നേതാക്കളെ പോലെ പരാജയം അംഗീകരിക്കാതെ കെയ്കോ തിരിമറി ആരോപണവുമായി രംഗത്തെത്തി. അഞ്ചുലക്ഷം വോട്ടിലാണ് സംശയം ഉന്നയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് നിരീക്ഷകരടക്കം ആരോപണം തള്ളി. തർക്കം ഉന്നയിച്ചതിൽ മൂന്നുലക്ഷം വോട്ട് ഇലക്ടറൽ ജൂറിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കും. അതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും. അഴിമതിക്കേസിലും അധികാര ദുർവിനിയോഗത്തിനും 25 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പ്രസിഡന്റ് ആൽബെർട്ടോ ഫ്യൂജിമോറിയുടെ മകളായ കെയ്കോ തുടർച്ചയായി മൂന്നാംവട്ടമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായത്.