അമ്പയർ നോട്ട്ഔട്ട് നൽകിയതിന് സ്റ്റമ്പ് ചവിട്ടി തെറുപ്പിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ധാക്ക പ്രീമിയർ ഡിവിഷൻ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ മൊഹമ്മദൻ സ്പോർട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടയിലായിരുന്നു താരത്തിന്റെ അതിരുവിട്ട പെരുമാറ്റം. എതിർ ടീമിലെ ബാറ്റ്‌സ്മാനായ മുഷ്‌ഫിക്‌ർ റഹീമിനെ പുറത്താക്കാൻ ഷാക്കിബ് വിളിച്ച എൽബിഡബ്ള്യു അപ്പീൽ അമ്പയർ നിഷേധിച്ചതിനു പിന്നാലെയാണ് ഷാക്കിബ് സ്റ്റമ്പിൽ ചവിട്ടുകയും അമ്പയറുമായി തർക്കിക്കുകയും ചെയ്തത്.
ഒരുതവണ മാത്രമല്ല ഷാക്കിബ് അമ്പയറുമായി തർക്കിച്ചത്. പവർപ്ലേ ഓവറിൽ ഒരിക്കൽ കൂടി അമ്പയറുമായി തർക്കിച്ച ഷാക്കിബ് ഈ തവണ നോൺ സ്‌ട്രൈക്കർ എൻഡിലെ മൂന്ന് സ്റ്റമ്പുകളും പിഴുതെടുത്ത് കൊണ്ടായിരുന്നു തർക്കത്തിലേക്ക് കടന്നത്.
അബഹാനിയുടെ ക്യാപ്റ്റനായ ഷാക്കിബ് ആദ്യ ഇന്നിങ്‌സിൽ 27 പന്തിൽ നിന്നും 37 റൺസ് എടുത്തിരുന്നു. രണ്ടു സിക്സുകളും ഒരു ഫോറും അടങ്ങിയ ക്യപ്റ്റന്റെ ഇന്നിങ്‌സാണ് ടീമിനെ 145/6 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
Read Also: ഈ നിമിഷം അച്ഛൻ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു: ചേതൻ സക്കറിയ
ആഭ്യന്തര ടി20യിലെ ഷാക്കിബിന്റെ ഈ മോശം പെരുമാറ്റത്തിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വാതുവയ്പ്പ് റിപ്പോർട്ട് ചെയ്യാതിരുന്നതുമായി ബന്ധപ്പെട്ട് ഐസിസിയുടെ ഒരു വർഷത്തെ വിലക്ക് അനുഭവിച്ച ഷാക്കിബ് വിലക്കിന്റെ കാലാവധി പൂർത്തിയാക്കി ഈ ഇടക്കാണ് ക്രിക്കറ്റിൽ വീണ്ടും സജീവമായത്.
നിർത്തിവെച്ച ഈ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഷാക്കിബ് കളിച്ചിരുന്നു. എന്നാൽ സെപ്റ്റംബറിൽ പുനരാരംഭിക്കുന്ന ഐപിഎല്ലിൽ മത്സരിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷൻ ഷാക്കിബിന് അനുമതി നൽകിയിട്ടില്ല.
The post അമ്പയറോടുള്ള ദേഷ്യം സ്റ്റംപിൽ തീർത്ത് ഷാക്കിബ് അൽ ഹസ്സൻ; വീഡിയോ appeared first on Indian Express Malayalam.