വാഷിങ്ടൺ
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം ഫെഡറൽ ജഡ്ജിയായി പാക് വംശജൻ ഷാഹിദ് ഖുറേഷി. നാൽപ്പത്താറുകാരനായ ഖുറേഷിയുടെ നിയമനം സെനറ്റ് പതിനാറിനെതിരെ 81 വോട്ടുകൾക്ക് അംഗീകരിച്ചു. ഡെമോക്രാറ്റുകൾക്കൊപ്പം 34 റിപ്പബ്ലിക്കന്മാരും പിന്തുണച്ചു.
നിലവിൽ ന്യൂ ജേഴ്സി കോടതിയിൽ മജിസ്ട്രേട്ടായ ഖുറേഷി ന്യൂജേഴ്സി ജില്ലാ കോടതിയിൽ ജഡ്ജായി അധികാരമേൽക്കും. 2019 ജൂണിലാണ് ന്യൂജേഴ്സി ജില്ലയിലെ ട്രെന്റൺ വിസിനേജിൽ മജിസ്ട്രേട്ടായത്. ഇതിനുമുമ്പ് സ്വകാര്യ നിയമസ്ഥാപനത്തിലായിരുന്നു. അഞ്ച് വർഷത്തോളം ന്യൂ ജേഴ്സിയിലെ അസിസ്റ്റന്റ് യുഎസ് അറ്റോർണിയായി സേവനം അനുഷ്ഠിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിൽ വിചാരണ അറ്റോർണിയായും യുഎസിന്റെ അസിസ്റ്റന്റ് ചീഫ് കൗൺസലുമായിരുന്നു. സെെനിക പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹം യുഎസ് സെെനിക ജഡ്ജി അഡ്വക്കേറ്റ് ജനറലിന്റെ (ജാഗ്) ക്യാപ്റ്റൻ പദവിയും നേടി.