തെഹ്റാൻ
ഇറാന്റെ നാവികസേനാ കപ്പൽ ആദ്യമായി അറ്റ്ലാന്റിക് സമുദ്രത്തിൽ. ഇത് തങ്ങളുടെ ശക്തിയുടെ പ്രതിഫലനമാണെന്ന് ഇറാൻ സെെനിക കോ–-ഓർഡിനേഷൻ ഡെപ്യൂട്ടി ചീഫ് റിയർ അഡ്മിറൽ ഹബീബുള്ള സയ്യാരി പറഞ്ഞു. ഇറാനിലെ തെക്കൻ തുറമുഖമായ ബന്ദർ അബ്ബാസിൽനിന്ന് മെയ് പത്തിനാണ് സഹന്ദ് ഡിസ്ട്രോയർ കപ്പൽ പുറപ്പെട്ടത്. സഹായത്തിനായി ഒപ്പം മക്രാൻ കപ്പലുമുണ്ട്.
ഇറാന്റെ താൽപ്പര്യം ഉയർത്തിപ്പിടിച്ച് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസരിച്ചാണ് കപ്പലുകൾ സഞ്ചരിക്കുന്നതെന്നും സയ്യാരി പറഞ്ഞു. കപ്പൽ വെനസ്വേലയിലേക്കാണെന്നാണ് സൂചന. അതേസമയം അറ്റ്ലാന്റിക്കിൽ പ്രവേശിച്ചാൽ കപ്പൽ പിടിച്ചെടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് വക്താവ് നേഡ് പ്രൈസ് ഭീഷണിപ്പെടുത്തി. തെക്കൻ ചൈനാ കടലിൽ സഞ്ചാര സ്വാതന്ത്ര്യം അവകാശപ്പെട്ട് കപ്പലോടിച്ച അമേരിക്ക അത്ലാന്റിക്കിൽ ഇറാന് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന നിലപാടിലാണ്.