പാലക്കാട്:10 വർഷത്തിനു ശേഷം മകളെ കൺനിറയെ കണ്ട് ശാന്തയും വേലായുധനും. പാലക്കാട്10 വർഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയുടെ മാതാപിതാക്കൾ വാടകവീട്ടിലെത്തി. മകൾ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാൻ കഴിയാതിരുന്ന, എവിടെപ്പോയെന്ന ചിന്തയിൽ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്. മൂന്നുമാസം മുൻപാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കൾ തന്നെ ഫോണിൽ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read More: ഒളിച്ചിരിക്കാൻ പ്രത്യേക പെട്ടി; കാമുകിയെ 10 വർഷം ഒളിപ്പിച്ചതിൽ ദുരൂഹതയില്ലെന്ന് പോലീസ്, പറഞ്ഞതെല്ലാം വിശ്വസിക്കാം
അയിലൂർ സ്വദേശിയായ റഹ്മാൻ, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്മാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് 10 വർഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.
തങ്ങൾ പ്രണയത്തിലാണെന്നും 10 വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാൻ വെളിപ്പെടുത്തിയപ്പോൾ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.
Read More:ഓടാമ്പൽ ലോക്കിന് സ്വന്തം സാങ്കേതികവിദ്യ, മന്ത്രവാദം ഭയന്ന് വീടുവിട്ടു; 10 വർഷം പ്രണയിനിയെ സ്വന്തം വീട്ടിൽ ഒളിപ്പിച്ചത് ഇങ്ങനെ
റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാൻ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാൻ. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ചെറുമുറിയിൽ വീട്ടുകാർ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, 10 കൊല്ലത്തെ ഒറ്റമുറി ജീവിതത്തിൽനിന്നു സ്വയം പറിച്ചുനട്ട റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പോലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവർ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.
പോലീസിന്റെ നേതൃത്വത്തിൽ ഇരുവർക്കും മനഃശാസ്ത്ര കൗൺസലിങ്ങും ലഭ്യമാക്കി. പോലീസുകാരുടെയും നാട്ടുകാരുടെയും തണലിൽ പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പുഞ്ചിരിയായി വിടർന്നു. രമ്യ ഹരിദാസ് എം.പി. ഉൾപ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായി എത്തുകയും ചെയ്തിരുന്നു.
content highlights:sajitha who was hidden by lover for 10 years meets parents